രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

നൂറ്ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ാം ദിവസമായ ഇന്ന് കുണ്ട്‌ലി – മനേസര്‍ എക്‌സ്പ്രസ് പാത ഉപരോധിക്കും. രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും.
ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോള്‍, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചാരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച സമരം നവംബര്‍ 27നാണ് ഡല്‍ഹി അതിര്‍ത്തികളില്‍ എത്തിയത്.

Story Highlights – farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top