കര്‍ഷക സമരം 100 ദിവസം പിന്നിടുന്നു; സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരം ഒത്തു തീര്‍പ്പാക്കുന്ന കാര്യത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ സമര്‍ത്ഥിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം കര്‍ഷക സമരം തിരിച്ചടിക്കുള്ള കാരണം ആകാതിരിക്കാന്‍ ശക്തമായ പ്രചാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

പൗരത്വ ബില്‍ വരെയുള്ള സമരങ്ങളോട് സ്വീകരിച്ച നയമല്ല കര്‍ഷക സമരത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഡല്‍ഹി അതിര്‍ത്തികളില്‍ തടഞ്ഞെങ്കിലും അവിടങ്ങളില്‍ തങ്ങാനും പ്രതിഷേധിക്കാനും സമരക്കാരെ സര്‍ക്കാര്‍ അനുവദിച്ചു. പത്തോളം തവണ വിഖ്യാന്‍ ഭവനില്‍ ചര്‍ച്ചക്കും സര്‍ക്കാര്‍ വേദി ഒരുക്കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും പിടിവാശി ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു സര്‍ക്കാര്‍ നടപടികള്‍.

പക്ഷേ 100 ദിവസം പിന്നിടുമ്പോള്‍ സമരത്തോട് സര്‍ക്കാരിനുള്ളത് പഴയ സമീപനമല്ല. സമരം ഉടന്‍ ഒത്തുതിര്‍പ്പാക്കണം എന്ന ലക്ഷ്യത്തില്‍ നിന്നും സര്‍ക്കാര്‍ മറ്റ് ലക്ഷ്യങ്ങളിലെക്ക് ഇതിനകം പിന്‍വാങ്ങി കഴിഞ്ഞു. സമരത്തോടും ചര്‍ച്ചയോടും മെല്ലെപോക്ക് നയമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് ഈ നൂറാം ദിവസം വ്യക്തം. സമരം തുടരുന്നത് സര്‍ക്കാരിനെ അലട്ടുന്ന വിഷയമല്ലെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് നടപടികള്‍. രാവും പകലും കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ ശ്രമിക്കുന്നെങ്കിലും സര്‍ക്കാരിന് മെല്ലെപോക്ക് നയത്തിലെയ്ക്ക് ചുവട് മാറാന്‍ അവസരം ഒരുക്കിയത് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് നല്‍കി വരുന്ന പിന്തുണയിലെ എറ്റക്കുറച്ചിലാണ്.

സമരം നൂറാം ദിവസത്തിലെയ്ക്ക് എത്തുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ തുടരുന്നെങ്കിലും അത് വേണ്ടവിധത്തില്‍ ശക്തമല്ല. ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതുകൊണ്ട് തന്നെ ഉപാധി വച്ചാണ് കര്‍ഷകരെ സ്വീകരിക്കാന്‍ തയാറായിരിക്കുന്നത്. കര്‍ഷക സമരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണം ആകരുത് എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ശക്തമായ പ്രചാരണമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

Story Highlights – farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top