മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍

പത്തനാപുരത്ത് മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍. പത്തനാപുരം മൂലക്കട സ്വദേശിയായ അയൂബ്ഖാനാണ് പൊലീസ് പിടിയിലായത്.

പത്തനാപുരം ഇടത്തറ സ്വദേശിനി റാണിമോഹന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മോട്ടോര്‍ വാഹനവകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും പണംവാങ്ങിയിരുന്നു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്.

മിക്കവരുടേയും പക്കല്‍ നിന്നും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിഅയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വാങ്ങിയിരുന്നത്. പതിനഞ്ചോളം പേര്‍ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. എന്‍സിപി സംസ്ഥാന സമിതിയംഗമായ ഇയാള്‍ക്ക് ഗതാഗതമന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുമായും അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നതെന്ന് പത്തനാപുരം സിഐ സുരേഷ് കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights – NCP leader arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top