സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം

കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ജില്ലയിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തിയതായി ജില്ലാ പ്രസിഡന്റ് സജീ ശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്കിയേക്കുമെന്നാണ് സൂചന.
ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി.കെ. ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സി.കെ. ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്. പാര്‍ട്ടിയെ തള്ളിപറഞ്ഞാണ് ജാനു മുന്നണി വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി സി.കെ. ജാനു രംഗത്തെത്തി. എന്‍ഡിഎ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. അവരുമായാണ് പാര്‍ട്ടി ചര്‍ച്ച നടത്തിയത്. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു. നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സി. കെ. ജാനു 25000 ല്‍പ്പരം വോട്ടുകള്‍ അന്ന് നേടിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ജാനുവിന് വീണ്ടും ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി തയാറെടുക്കുന്നത്.
Story Highlights – ck janu – BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here