സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും മത്സര രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. 12 വനിതകളും മത്സര രംഗത്തുണ്ട്.

സീറ്റ് വിഭജന കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചുവെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തു. സിപിഐഎം അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടക കക്ഷികള്‍ക്കായി വിട്ടുകൊടുത്തു. എല്ലാ ഘടക കക്ഷികളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കാര്യത്തില്‍ സംതൃപ്തിയുണ്ട്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല രണ്ടുതവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയാണ്.

വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.

കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള അഞ്ച് മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. സിപിഐഎം സ്ഥാനാര്‍ത്ഥികളും സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതിലുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍

 • ഉദുമ – സി.എച്ച് കുഞ്ഞമ്പു
 • തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
 • പയ്യന്നൂര്‍ – ടി.ഐ. മദുസൂധനന്‍
 • തളിപ്പറമ്പ് – എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
 • അഴീക്കോട് – കെ.വി.സുമേഷ്
 • കല്ല്യാശേരി – എം.വിജിന്‍
 • ധര്‍മ്മടം – പിണറായി വിജയന്‍
 • മട്ടന്നൂര്‍ – കെ.കെ. ശൈലജ
 • പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
 • തലശേരി – എ.എന്‍. ഷംസീര്‍
 • മാനന്തവാടി – ഒ.ആര്‍.കേളൂ
 • സുല്‍ത്താന്‍ബത്തേരി- എം.എസ്. വിശ്വനാഥന്‍
 • പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
 • ബാലുശേരി – കെ.എം.സച്ചിന്‍ദേവ്
 • കൊയിലാണ്ടി- കാനത്തില്‍ ജമീല
 • കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
 • ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്
 • തിരുവമ്പാടി -ലിന്റോ ജോസഫ്
 • മലപ്പുറം – പാലോളി അബ്ദുറഹ്മാന്‍
 • തിരൂര്‍ – ഗഫൂര്‍ പി. ലില്ലീസ്
 • വേങ്ങര – ജിജി പി.
 • വണ്ടൂര്‍ – പി. മിഥുന
 • മങ്കട – അഡ്വ. റഷീദ് അലി
 • പൊന്നാനി- പി. നന്ദകുമാര്‍
 • തൃത്താല – എം.ബി. രാജേഷ്
 • തരൂര്‍- പി.പി. സുമോദ്
 • ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
 • നെന്മാറ – കെ.ബാബു
 • ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
 • ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാര്‍
 • കോങ്ങാട് – അഡ്വ. കെ. ശാന്തകുമാരി
 • പാലക്കാട് – അഡ്വ. സി.പി. പ്രമോദ്
 • മലമ്പുഴ – എ. പ്രഭാകരന്‍
 • കുന്നംകുളം – എ.സി. മൊയ്തീന്‍
 • ചേലക്കര – കെ.രാധാകൃഷ്ണന്‍
 • മണലൂര്‍ – മുരളി പെരുനെല്ലി
 • ഗുരുവായൂര്‍ – എന്‍.കെ. അക്ബര്‍
 • പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
 • ഇരിങ്ങാലക്കുട – പ്രൊഫ. ആര്‍. ബിന്ദു
 • വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
 • ആലുവ – ഷെല്‍നാ നിഷാദ് അലി
 • കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
 • വൈപ്പിന്‍ – കെ.എന്‍. ഉണ്ണികൃഷ്ണന്‍
 • കളമശേരി – പി. രാജീവ്
 • കൊച്ചി – കെ.ജെ. മാക്‌സി
 • തൃക്കാക്കര – ഡോ. ജെ.ജേക്കബ്
 • തൃപ്പൂണിത്തുറ – എം.സ്വരാജ്
 • കോതമംഗലം – ആന്റണി ജോണ്‍
 • ഉടുമ്പന്‍ചോല – എം.എം.മണി
 • ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
 • പുതുപ്പള്ളി- ജെയ്ക്ക് സി. തോമസ്
 • കോട്ടയം- കെ. അനില്‍കുമാര്‍
 • ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
 • അമ്പലപ്പുഴ- എച്ച്.സലാം
 • അരൂര്‍ – ദലീമ ജോജോ
 • കായംകുളം – യു.പ്രതിഭ
 • ചെങ്ങന്നൂര്‍- സജി ചെറിയാന്‍
 • മാവേലിക്കര – എം. എസ്. അരുണ്‍ കുമാര്‍
 • ആറന്മുള- വീണാ ജോര്‍ജ്
 • കോന്നി – കെ.യു.ജനീഷ് കുമാര്‍
 • കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
 • കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
 • ഇരവിപുരം – എം. നൗഷാദ്
 • കൊല്ലം- എം. മുകേഷ്
 • വര്‍ക്കല – വി. ജോയ്
 • ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
 • വാമനപുരം – ഡി.കെ.മുരളി
 • കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
 • വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
 • നേമം – വി.ശിവന്‍കുട്ടി
 • കാട്ടാക്കട – ഐ.ബി.സതീഷ്
 • അരുവിക്കര – അഡ്വ. ജി. സ്റ്റീഫന്‍
 • നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍
 • പാറശാല -സി.കെ.ഹരീന്ദ്രന്‍

സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

 • കുന്നമംഗലം – പി.ടി.എ. റഹീം
 • കൊടുവള്ളി കാരാട്ട് റസാഖ്
 • കൊണ്ടോട്ടി – സുലൈമാന്‍ ഹാജി
 • താനൂര്‍ – വി. അബ്ദുള്‍ റഹ്മാന്‍
 • നിലമ്പൂര്‍ – പി.വി. അന്‍വര്‍
 • പെരിന്തല്‍മണ്ണ- കെ.പി. മുസ്തഫ
 • തവനൂര്‍ – കെ.ടി. ജലീല്‍
 • എറണാകുളം – ഷാജി ജോര്‍ജ്
 • ചവറ – ഡോ. സുജിത് വിജയന്‍

ഇടതുമുന്നണി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ സഹായകമാകുന്ന മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ഇടതു തുടര്‍ഭരണം ഇല്ലാതാക്കാന്‍ ധനിക രാഷ്ട്രീയ ശക്തികളും വര്‍ഗീയ ശക്തികളും നടത്തുന്ന പരിശ്രമം കേരളത്തില്‍ വിജയിക്കില്ല. എല്‍ഡിഎഫിന്റെ തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. അഞ്ച് വര്‍ഷവും മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തി സമാധാന അന്തരിക്ഷം നാട്ടില്‍ ഉറപ്പുവരുത്താനും സാധിച്ചു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് ഇതുവരെ നടപ്പിലാക്കിയത്. പൊതു വിദ്യാലയങ്ങളും ആശുപത്രികളും ഉന്നത നിലയിലാക്കി. വിലക്കയറ്റം തടഞ്ഞു. റേഷന്‍ കടകള്‍ വഴി മുടക്കമില്ലാതെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് കേരളം അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്. അഴിമതി രഹിതമായ ഭരണമാണ് നടത്തിയതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതികളാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും എല്‍ഡിഎഫ് ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതു തുടര്‍ഭരണം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ യുഡിഎഫും ബിജെപിയും സ്വീകരിക്കുകയാണ്. സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാനാണ് ശ്രം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തിയിരിക്കുകയാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗം. ഈ ഗൂഢാലോചനയുടെ ചുരുളുകള്‍ ഇപ്പോള്‍ ഒന്നൊന്നായി അഴിയുകയാണ്.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. അപവാദത്തിലൂടെയും നുണപ്രചാരണങ്ങളിലൂടെയും എല്‍ഡിഎഫിന്റെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹമാണ്. 2016 ല്‍ ഒരു സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ അതും നഷ്ടപ്പെടും. യുഡിഎഫും ബിജെപിയും ഒറ്റമനസോടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നത്. ഇടത് പക്ഷ വിരോധം കാരണം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Story Highlights – CPIM announces candidates list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top