ഐഎസ്എൽ ഫൈനൽ: പിന്നിൽ നിന്ന് തിരിച്ചടിച്ചു; മുംബൈക്ക് സീസൺ ഡബിൾ

mumbai city won atk

മുംബൈ സിറ്റിക്ക് ഐഎസ്എൽ സീസൺ ഡബിൾ. ഇന്ന് നടന്ന ഫൈനലിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുംബൈ ഡബിളടിച്ചത്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഐ എസ് എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ്, ഫൈനലിൽ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിച്ചത്. മുംബൈക്കായി ബിപിൻ സിംഗ് ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന് ടിരി നേടിയ സെൽഫ് ഗോൾ ആണ്. എടികെയ്ക്കു വേണ്ടി ഡേവിഡ് വില്ല്യംസ് ആണ് ആശ്വാസഗോൾ നേടിയത്.

അർഹിച്ച ജയമാണ് മുംബൈ സ്വന്തമാക്കിയത്. പൊസഷൻ ഗെയിമുമായി മുംബൈയും പതിവു പോലെ കൗണ്ടർ അറ്റാക്കുകളിലൂടെ എടികെയും കളി മെനഞ്ഞു. എടികെയാണ് ആദ്യം സ്കോർ ചെയ്തത്. റോയ് കൃഷ്ണയുടെ പാസിൽ നിന്ന് ഡേവിഡ് വില്ല്യംസ് അമരീന്ദ്ര സിംഗിനെ മറികടക്കുമ്പോൾ കളി 18 മിനിട്ട് പിന്നിട്ടത് ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ മുംബൈ തിരിച്ചടിച്ചു. ബോക്സിലെത്തിയ പന്ത് ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ച ടിരിക്ക് പിഴച്ചു. ഓൺ ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും മുംബൈ പിൻനിരയിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയ അമേയ് റനവാഡെ പരുക്കേറ്റ് പുറത്തായത് കളിക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഗുരുതരമായി പരുക്കേറ്റ യുവതാരത്തെ ആംബുലൻസ് എത്തിയാണ് കൊണ്ടുപോയത്. ആദ്യ പകുതി സമാസമം, 1-1.

രണ്ടാം പകുതിയിലും മുംബൈ ആണ് കൂടുതൽ ആക്രമിച്ചുകളിച്ചത്. പലപ്പോഴും അരിന്ദം ഭട്ടാചാര്യയുടെ കൈകൾ അവരെ രക്ഷിച്ചു. 58ആം മിനിട്ടിൽ ലഭിച്ച ഒരു സുവർണാവസരം ഹ്യൂഗോ ബോമസിന് മുതലെടുക്കാനായില്ല. ഫ്രീ പോസ്റ്റിൽ കിട്ടിയ ഒരു റീബൗണ്ട് ബോമസ് പുറത്തേക്കടിച്ചുകളഞ്ഞു. 61ആം മിനിട്ടിൽ റാകിപിൽ നിന്നുണ്ടായ ഒരു സെൽഫ് ഗോൾ റോയ് കൃഷ്ണ ഓഫ്സൈഡ് ആയതിനാൽ റഫറി അനുവദിച്ചില്ല. കളി സമനിലയിലേക്ക് മുന്നേറുകയാണ്. രണ്ടാം പകുതിയുടെ അവസാന മിനിട്ടിൽ വീണ്ടും എടികെ ഗോൾവല കുലുങ്ങി. ബിപിൻ സിംഗ് ആണ് മുംബൈ സിറ്റിയുടെ വിജയഗോൾ നേടിയത്. ലോങ് ബോൾ ക്ലിയർ ചെയ്യാൻ പോസ്റ്റ് വിട്ടിറങ്ങിയ അരിന്ദമിനു പിഴച്ചു. പന്ത് സ്വീകരിച്ച ഓഗ്ബച്ചെ ബിപിന് നീട്ടിനൽകി. ഓപ്പൺ നെറ്റിൽ ബിപിൻ്റെ ഒരു ഈസി ഫിനിഷ്. അധിക സമയത്ത് കൂടുതലൊന്നും സംഭവിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മുംബൈക്ക് ആദ്യ ഐ എസ് എൽ ട്രോഫിയും സീസൺ ഡബിളും.

Story Highlights – mumbai city fc won against atk mohun bagan in isl final

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top