ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-03-2021)
ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത
ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കൃഷ്ണദാസ് പക്ഷം പക്ഷേ ശോഭാ സുരേന്ദ്രനൊപ്പമാണ്. വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്.
ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ല: പ്രിന്‍സ് ലൂക്കോസ്
ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ്. യുഡിഎഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രിന്‍സ് ലൂക്കോസ് അവകാശപ്പെടുന്നു.
കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്
കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. അതേസമയം, വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണുന്നുണ്ട്.
ശേഷിയ്ക്കുന്ന 7 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം. ഇനി പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിലേയ്ക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തും എന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിയ്ക്കുന്ന ധർമ്മടത്ത് ഒരു വനിതയെ സ്ഥാനാർത്ഥി ആക്കുന്നതിനെ കുറിച്ചും കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിയ്ക്കുന്നു.
തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍
തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെയാണ് പരിഗണിക്കുന്നത്. ഇതിലൂടെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ തിരിച്ചടി മറികടക്കാമെന്നും നേതാക്കള്‍ കരുതുന്നു. പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും. തര്‍ക്കമണ്ഡലങ്ങളും ധര്‍മ്മടവും ഉള്‍പ്പെടെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.
മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ പരാതി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറങ്ങും.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണചിത്രം ഇന്ന് വ്യക്തമാകും
കേളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണചിത്രം ഇന്ന് വ്യക്തമാകും. ബാക്കിയുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് പ്രഖ്യാപിക്കും. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ പട്ടികയില്‍ ബാക്കിവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here