Advertisement

സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നു: രമേശ് ചെന്നിത്തല

March 17, 2021
Google News 1 minute Read

സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍ ഈ കൂട്ടുകെട്ട് വ്യക്തമാകും. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയെന്ന ബാലശങ്കറിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് ബാലശങ്കര്‍ ശരിവച്ചിരിക്കുന്നത്. സീറ്റ് കിട്ടാത്ത ഒരാള്‍ തനിക്കുണ്ടായ നിരാശയില്‍ നിന്ന് പറയുന്ന ഒരു കാര്യമായി ഇതിനെ നിസാരവത്കരിക്കാന്‍ കഴിയുന്നതല്ല. ഈ അവിശുദ്ധമായ കൂട്ടുകെട്ട് മൂടിവയ്ക്കുന്നതിനായാണ് കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രസികന്‍ വോട്ട് കച്ചവടമാണ് നടക്കുന്നത്. വോട്ട് കച്ചവടം കേരള വ്യാപകമാണ്. എത്ര മണ്ഡലങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം. അതുപോലെ എത്ര മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് വോട്ട് കൊടുക്കാന്‍ ബിജെപി കരാര്‍ എടുത്തിട്ടുണ്ടെന്നത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും വ്യക്തമാക്കണം.

ബിജെപിയുമായി കൂട്ടുകച്ചവടം ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മഹനീയതയെപറ്റി പത്രസമ്മേളനത്തില്‍ വാചകം അടിക്കുന്നത്. മുഖ്യമന്ത്രിക്ക് അസത്യം പറയാന്‍ അല്‍പവും ഉളുപ്പില്ലെന്നത് അതിശയമാണ്. യുഡിഎഫിനെ എങ്ങനെയെങ്കിലും തറപറ്റിച്ച് ഒരിക്കല്‍ കൂടി ആ കസേരയില്‍ തുടരുകയെന്നതാണ് പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും ലക്ഷ്യം.

നേരിയ വോട്ട് വ്യത്യാസത്തില്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിച്ചാല്‍ അവര്‍ക്ക് ജയിക്കാനാകുമെന്നാണ് സിപിഐഎം സ്വപ്‌നം കാണുന്നത്. ഇടതുമുന്നണിക്ക് ഭരണതുടര്‍ച്ച നേടാം ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നതാണ് ഈ വോട്ട് കച്ചവടത്തിന്റെ നേട്ടം. അപകടകരമായ ഒരു കളിയാണ് സിപിഐഎം ഇന്ന് കേരളത്തില്‍ നടത്തുന്നത്. അത് കേരളത്തിലെ സിപിഐഎമ്മിന്റെ അന്ത്യംകുറിക്കുന്ന ഒരു നടപടിയായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights -Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here