ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പം; ഒരിക്കലും സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയില്ല : കോടിയേരി ബാലകൃഷ്ണൻ

ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട്. സിപിഐഎം സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്നും, സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു.
കോടിയേരിയുടെ വാക്കുകൾ : ‘വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷം. അതിപ്പോ, ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലാം മതവിശ്വാസികളുടെ ആണെങ്കിലും. അതുകൊണ്ടാണല്ലോ ബാബറി മസ്ജിദ് പൊളിച്ചതിനെ എതിർത്തത്. ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ രംഗത്തെത്തിയിരിക്കുന്നത്. അവർക്ക് അപ്പോൾ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നിൽക്കുന്നുള്ളു ? എന്നാൽ ഞങ്ങൾ എല്ലാ മതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു. മതവിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുന്ന ഒന്നും ഇടതുപക്ഷ സർക്കാർ ചെയ്യില്ല. ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരമലയിൽ കയറ്റിയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. ശബരിമല വിഷയത്തിൽ പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അത് നടപ്പാക്കിയോ ? വിഷയം സുപ്ര്ം കോടതി വിശാല ബഞ്ചിന്റെ പരിഗണനയിലാണ്. വിധി വരുന്നതുവരെ കാത്തിരുന്നേ പറ്റൂ. യുവതി പ്രവേശത്തിൽ സിപിഐഎമ്മിന് കടുംപിടിത്തമില്ല. പണ്ട് എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുപ്രിംകോടതിയുടെ ക്രീമി ലെയർ വിധിക്കെതിരായി ക്രീമി ലെയർ ബിൽ കൊണ്ടുവന്നിരുന്നു. എന്നിട്ട് എന്തായി ? സുപ്രിംകോടതി അനുവദിച്ചില്ല. സുപ്രിംകോടതി വിധി മറികടന്ന് ബില്ല് പാസായാൽ തന്നെ അത്തരമൊരു നിയമനിർമാണം നടത്താൻ സാധിക്കില്ല. കേന്ദ്ര നിയമമന്ത്രി തന്നെ പറഞ്ഞു സുപ്രിംകോടതി വിധിയെ മറികടക്കാൻ നിയമനിർമാണം നടത്താൻ സാധിക്കില്ലെന്ന്’- കോടിയേരി പറഞ്ഞു.
ശബരിമല ഇപ്പോൾ ശാന്തമാണ്. ഇല്ലാത്ത പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന പ്രചാരണ തന്ത്രമാണെന്നും ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights -ldf didn’t force women to enter sabarimala says kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here