ഒരു ദിവസം കൊണ്ട് ഈ കസേരയില്‍ ഇരുന്നതല്ല; ഇതിന് മുന്‍പുള്ള ഒരു ജീവിതമുണ്ട്; കള്ളക്കഥ ഇറക്കിയാല്‍ ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി

ഏജന്‍സികളുടെ അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ, രാഷ്ട്രീയമായ ഉദ്ദേശത്തോടെ സര്‍ക്കാരിനെ കരിവാതി തേക്കാം എന്ന് കരുതി പുറപ്പെട്ടാല്‍. അത്രവേഗം കരി ദേഹത്ത് വീഴില്ല. കാരണം ഒരുദിവസം വന്ന് ഒരു കസേരയില്‍ ഇരുന്നതല്ല. ആ കസേരയില്‍ ഇരിക്കുന്നതിന് മുന്‍പുള്ള ഒരു ജീവിതമുണ്ട്. ആ ജീവിതം നോക്കി കണ്ടവരാണ് നമ്മുടെ നാട്ടിലുള്ളവര്‍. അനുകൂലികളും എതിരാളികളും മാധ്യമ പ്രവര്‍ത്തകരും. കടിച്ചുകീറാന്‍ വരുന്ന ആളുകള്‍ക്ക് പോലും എന്റെ ജീവിതം എന്താണെന്ന് അറിയാം. ഒരു കള്ളക്കഥ ഉണ്ടാക്കി ഇറക്കിയാല്‍, ഡോളര്‍ കടത്തി, സ്വര്‍ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആക്ഷേപങ്ങളും ആരോപണങ്ങളുമൊന്നും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ വച്ചാണ് വിലയിരുത്തുന്നത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം, വികസനത്തിന് വേണ്ടി ചെയ്ത കാര്യങ്ങളുടെ അനുഭവമുള്ളവരാണ് നാട്ടുകാര്‍. വസ്തുതകള്‍ തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ട്. അതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. അതില്‍ തന്നെയാണ് പ്രതീക്ഷയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകും: മുഖ്യമന്ത്രി

സര്‍ക്കാരിനെതിരെയുള്ള പല ആക്രമണങ്ങളും കെട്ടിചമച്ച പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ഒരുകാലത്ത് നാട്ടിലുള്ള ഏത് നല്ലവീട് കണ്ടാലും അത് പിണറായി വിജയന്റെ വീടാണെന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ വരുമ്പോള്‍ ചിലര്‍ വല്ലാതെ വേദനിക്കും. പതറും. എന്നാല്‍ എനിക്ക് അങ്ങനെയുണ്ടാകാറില്ല. കാരണം അത് വ്യക്തിപരമായിട്ടുള്ള ആക്രമണമല്ല. പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ എന്നെ ഒരു പ്രതീകമാക്കി നടക്കുന്ന ആക്രമണമായേ അത് കാണാറുള്ളൂ. ഏത് ആരോപണം വന്നാലും ബാധിക്കില്ല. ചിലത്, ചിലര്‍ അണിയറയില്‍ ഒരുക്കികൊണ്ടിരിക്കുകയാണല്ലോ. ശുദ്ധമായ ഒരു ജീവിതം നയിക്കുകയാണെങ്കില്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights -cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top