പരുക്ക്; ആദ്യ ടി-20യിൽ ഹർമൻപ്രീത് കളിക്കില്ല

Harmanpreet Kaur Ruled Out

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിക്കില്ല. തുടയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ഹർമൻ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുക. വിവരം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഹർമൻ്റെ ആരോഗ്യനില പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ദന കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന ഏകദിനത്തിലാണ് ഹർമനു പരുക്കേറ്റത്. പരുക്കിനെ തുടർന്ന് താരം റിട്ടയേർഡ് ഹർട്ട് ആയിരുന്നു. ഏകദിന പരമ്പര 1-4ന് പരാജയപ്പെട്ട ഇന്ത്യ ടി-20 പരമ്പരയിൽ തിരിച്ചടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

“ഏകദിനം മറന്നിട്ട് ടി-20 പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഏകദിന പരമ്പര നിരാശയായിരുന്നു. പക്ഷേ, അത് മറന്നിട്ട് മുന്നോട്ടുപോകേണ്ടതുണ്ട്. ചില പുതുമുഖങ്ങൾ ടീമിലെത്തിയിട്ടുണ്ട്. അതുകൊണ്ട്, പുതുമയോടെ ചിന്തിക്കണം. ഏകദിന പരമ്പര ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പായാണ് ഞങ്ങൾ കാണുന്നത്.”- മന്ദന പറഞ്ഞു.

അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 188 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ഈ വിജയലക്ഷ്യം മറികടകുകയായിരുന്നു.79 റൺസ് നേടിയ ക്യാപ്റ്റൻ മിതാലി രാജിനു മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. അർധസെഞ്ചുറി നേടിയ മിന്യോൺ ഡുപ്രീസും ആൻ ബോഷും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് ജയമൊരുക്കുകയായിരുന്നു. മരിസൻ കാപ്പും പ്രോട്ടീസിനായി തിളങ്ങി.

Story Highlights – Harmanpreet Kaur Ruled Out Of First T20I

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top