പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് ഡൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം; അറസ്റ്റ്

പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം. ഡൽഹിയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെടുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി സഞ്ജയ് കുമാർ സെയിൻ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.
അജയ് ഗോസ്വാമി എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ അടിച്ച് താഴെയിട്ടിട്ട് ‘പാകിസ്താൻ മൂർദ്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ സിന്ദാബാദ് എന്ന് പറയാനും ഇയാൾ ആവശ്യപ്പെടുന്നു. നിലത്തു കിടക്കുന്ന യുവാവ് മുദ്രാവാക്യം മുഴക്കുമ്പോൾ ഉറക്കെ പറയൂ എന്ന് ഇയാൾ പറയുന്നു. മർദ്ദനമേറ്റ ആൾ അജയ് ഗോസ്വാമിയുടെ കാലിൽ പിടിക്കുമ്പോൾ ദേഷ്യത്തോടെ പ്രതി കാല് വിടാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. മറ്റ് ചിലരുടെ ശബ്ദങ്ങളും വിഡിയോയിലുണ്ട്. ‘അസദുദ്ദിൻ ഒവൈസി മൂർദ്ദാബാദ്’ എന്ന് പറയാനാണ് ഇവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം നടന്ന ഡൽഹി കലാപത്തിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട ആളാണ് അജയ് ഗോസ്വാമി.
Story Highlights- Man Thrashed In Delhi, Forced To Chant Anti-Pak Slogans. Accused Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here