Advertisement

ആകാശത്തെ സാറ്റലൈറ്റ് വെളിച്ചം ഭൂമിയിലുള്ളവർക്ക് ഭീഷണിയാകും; മുന്നറിയിപ്പ് നൽകി ഗവേഷകർ

March 31, 2021
Google News 2 minutes Read

വിവിധ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും നിരവധി സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയിൽ ഭൂമിയിലുള്ളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രി ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചം പ്രകൃതിദത്ത പ്രകാശ നിരക്കിനേക്കാൾ 10 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മന്ത്ലി നോട്ടീസസ്‌ ഓഫ് ദി റോയൽ ആസ്ട്രൊനൊമിക്കൽ സൊസൈറ്റി : ലെറ്റേഴ്സ്, എന്ന മാഗസിനിലാണ് ഇത്തരം ഒരു മുന്നറിയിപ്പ് ഉള്ളത്.

ഭൂമിയുടെ ഭ്രമണപഥത്തിലെ ബഹിരാകാശ വസ്തുക്കൾ പോലുള്ള ബാഹ്യ സ്രോതസ്സുകളിൽ നിന്നുള്ള രാത്രി ആകാശത്തിന്റെ വെളിച്ചം കണക്കാക്കലായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്ലോവാക്യയിലെ കൊമേനിയസ് സർവകലാശാലയിലെ മിറോസ്ലോവ് കോസിഫാജ് പറഞ്ഞു.

അമേരിക്കൻ കമ്പനി സ്പേസ് എക്സിന്റെ ബഹിരാകാശ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്കിന് വേണ്ടി ഓരോ മാസവും നിരവധി ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചത്. ഇതിന് പുറമെ വൺ വെബ് പോലെയുള്ള മറ്റു കമ്പനികളും ഇന്റർനെറ്റ് ലഭ്യമാക്കാൻ സാറ്റലൈറ്റ് വിക്ഷേപിക്കുന്നുണ്ട്. 12,000 സാറ്റലൈറ്റുകൾ വിക്ഷേപിച്ച് ഭൂമിയിൽ എവിടെയും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ഇലോൺ മസ്കിന്റെ പദ്ധതി. എന്നാൽ ഇങ്ങനെ വലിയ തോതിൽ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നത് വാന നിരീക്ഷണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിലവിൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാനാവുന്ന ഉയരത്തിലാണ് സ്പേസ് എക്സിന്റെ സാറ്റലൈറ്റുകളുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ആകാശത്ത് വിചിത്ര വെളിച്ചങ്ങൾ കുതിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഇതെല്ലം സാറ്റലൈറ്റുകളാണെന്നാണ് റിപ്പോർട്ട്. സ്റ്റാർ ലിങ്കിന്റെ സാറ്റലൈറ്റുകൾ പ്രതീക്ഷിച്ചതിലും തിളക്കമുള്ളതാണെങ്കിലും ഇത് വാന നിരീക്ഷണത്തെ പോലും അലോസരപ്പെടുത്തുന്നു എന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.

ഭൂമിയിൽ നിന്നു ദൂരദർശനികളും മറ്റും ഉപയോഗിച്ച് പ്രകാശ വർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കുമ്പോൾ ഈ സാറ്റലൈറ്റുകൾ കണ്ണിലെ കരടാകുന്നുവെന്നാണ് സസക്സ് സർവകലാശാലയിലെ ഡാരൻ ബാസ്കിൽ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നത്. നിലവിലെ സാറ്റലൈറ്റുകൾ തന്നെ പലപ്പോഴും വാനനിരീക്ഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

ആധുനിക ദൂരദർശിനികൾ ഉപയോഗിച്ച് നീണ്ടു നിൽക്കുന്ന എക്സ്പോഷാറിലാണ് വാനനിരീക്ഷകർ പല ചിത്രങ്ങളും എടുക്കുന്നത്. മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ സമയമെടുത്താണ് ഈ ചിത്രമെടുപ്പ്. ഇതിനിടെ ചിത്രങ്ങളുടെ ഭാഗത്ത് സാറ്റലൈറ്റുകൾ പ്രത്യക്ഷപ്പെട്ടാൽ അത് ചിത്രത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും.

പ്രകാശ വർഷങ്ങൾക്കപ്പുറത്തെ നക്ഷത്ര സമൂഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളിൽ നിന്നും ഗ്രഹങ്ങളുടെ വാതകങ്ങളുടെ സാന്നിധ്യം വരെ പ്രപഞ്ച നിരീക്ഷകർക്ക് തിരിച്ചറിയാനാകും.
ചിത്രങ്ങളിലെ നിറങ്ങളുടെ സാന്നിധ്യം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. തിളക്കമുള്ള സാറ്റലൈറ്റുകൾ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അത് അന്തിമഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

നിലവിൽ ആറായിരത്തിൽ കൂടുതൽ മനുഷ്യ നിർമിത ഉപഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുന്നുണ്ട്. ഇതിൽ മൂവായിരത്തോളം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം ബഹിരാകാശ മാലിന്യത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് പദ്ധതിയിലൂടെ 12,000 സാറ്റലൈറ്റുകളാണ് ആകാശത്തെത്തുക. ഇത് ബഹിരാകാശ മാലിന്യം വർധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Story Highlights: Satellites Contribute Significant Light Pollution To Night Skies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here