പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; ആധിപത്യം ഉറപ്പിക്കാന്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആധിപത്യം ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് മൂന്നു മുന്നണികളും. തെരഞ്ഞെടുപ്പു കമ്മീഷന്‍ കലാശക്കൊട്ട് നിരോധിച്ചതോടെ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള മറുവഴികള്‍ തേടുകയാണ് എല്ലാവരും. അവസാനദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കളെ ഇറക്കി കളംപിടിക്കാനാണ് ശ്രമം.

ഭരണം പിടിക്കാനും നിലനിര്‍ത്താനുമുള്ള ജീവന്മരണ പോരാട്ടത്തിലാണ് എല്‍ഡിഎഫും യുഡിഎഫും. ബിജെപിയാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ലക്ഷ്യമിടുന്നു. ആവനാഴിയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കുകയാണ് അവസാന മണിക്കൂറുകളില്‍ മൂന്നു മുന്നണികളും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി, സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിങ്ങനെ നേതാക്കളെല്ലാം ഇതിനോടകം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകളിലും വിവിധ മണ്ഡലങ്ങളില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യമുണ്ടാകും.

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആരോപണ പ്രത്യാരോപണങ്ങളുമായി കളംനിറയുന്നുണ്ട്. സര്‍ക്കാരിനെതിരായ പുതിയ ആരോപണങ്ങളിലാണ് പ്രതിപക്ഷത്തിന്റെ ശ്രദ്ധ. ഏതു ബോംബു വന്നാലും നേരിടുമെന്ന നിലപാടിലാണ് ഭരണപക്ഷം. ആരോപണങ്ങളുമായി ബിജെപിയും സജീവം. എതിര്‍മുന്നണികള്‍ പരസ്പരം സഹായിക്കുന്നുവെന്ന ആരോപണം മൂന്നു മുന്നണികളും ഉയര്‍ത്തുന്നുണ്ട്. പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളില്‍ ഇരട്ടിവീറോടെ മൂന്നുമുന്നണികളും നിറയുന്നതോടെ ആവേശത്തിലാണ് വോട്ടര്‍മാരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top