മുഖ്യമന്ത്രിക്ക് കൃത്രിമ വിനയം; യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം നിശബ്ദ തരംഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ശക്തമായി. ജനങ്ങളിലാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വിശ്വാസം. ജനാധിപത്യ സമ്പ്രദായത്തില്‍ ബാലറ്റ് വെടിയുണ്ടയെക്കാള്‍ ശക്തമാണ്. ജനം ഭരണംമാറ്റം ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള ഉറച്ചതീരുമാനം ജനം എടുത്തുകഴിഞ്ഞുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം തങ്ങള്‍ പൂര്‍ണമായും വഞ്ചിക്കപ്പെട്ടെന്ന് ജനത്തിന് ബോധ്യമായി. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണിത്. കോടികള്‍ ഒഴുക്കി പിആര്‍ വര്‍ക്കില്‍ മാത്രം നില്‍ക്കുന്ന സര്‍ക്കാരിനെയും പൊയ്ക്കാലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയുമാണ് ജനം കണ്ടത്. കാപട്യ രാഷ്ട്രീയമായി വീണ്ടും കബളിപ്പിക്കാന്‍ വന്നാല്‍ നിന്നുകൊടുക്കില്ലെന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.യുഡിഎഫ് സെഞ്ചുറിയടിച്ച് അധികാരത്തിലെത്തും. ദക്ഷിണ-മധ്യ-മലബാര്‍ മേഖലകള്‍ യുഡിഎഫിന് അനുകൂലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്ന മുഖ്യമന്ത്രി മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷനെ വിജയിപ്പിക്കാന്‍ സിപിഐഎം രഹസ്യധാരണ ഉണ്ടാക്കി.അതിനാലാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഐഎം അവിടെ നിര്‍ത്തിയത്. മുഖ്യമന്ത്രിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മൂന്നരമണിക്കൂര്‍ റോഡ് ഷോ നടത്തിയത്. മുഖ്യമന്ത്രി വിനയാന്വിതനാകുന്നത് പിആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചത് കൃത്രിമ വിനയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top