ഡോ. എൻ. നാരായണൻ നായർ, നിയമജ്ഞർക്കിടയിലെ അതികായകൻ

കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു അന്തരിച്ച ഡോ. എൻ. നാരായണൻ നായർ. അധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, വിദ്യാഭ്യാസ ഭരണനിർവഹണ രംഗത്തെ കരുത്തൻ അങ്ങനെ പല വിശേഷണങ്ങൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രമായ കേരള ലോ അക്കാദമിയാണ് അദ്ദേഹം കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന.

1927 ജൂൺ 30ന് കോലിയക്കോട് കണ്ണങ്കര കുടുംബത്തിൽ നീലകണ്ഠൻപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മൂത്ത മകനായാണ് നാരായണൻ നായരുടെ ജനനം. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിലായായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ബിഎസ്‌സി ഗണിതം ഫസ്റ്റ് ക്ലാസോടെ പാസായി. അതിന് ശേഷമാണ് അദ്ദേഹം നിയമത്തിന്റെ വഴി തെരഞ്ഞെടുത്തത്. എറണാകുളം ലോ കോളജിൽ നിയമ പഠനം പൂർത്തിയാക്കിയ ശേഷം ബാർ കൗൺസിൽ പരീക്ഷ റാങ്കോടുകൂടി പാസായി. 1955 ൽ നിയമത്തിൽ ഒന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

1950ന്റെ തുടക്കത്തിലാണ് നാരായണൻ നായർ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത് ഇടപഴകുന്നത്. പിന്നീട് 1952 ൽ മാണിക്കൽ പഞ്ചായത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പ് രൂപീകരണത്തിന് നേതൃത്വം നൽകുകയും അതിൽ അംഗമാകുകയും ചെയ്തു. 1959 ൽ സിപിഐയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത്് തിരുവനന്തപുരം ലോ കോളജിൽ അധ്യാപകനായി നിയമിതനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലഘട്ടത്തിൽ എ. കെ ഗോപാലന് സ്വീകരണം നൽകാനായി ലോ കോളജിൽ പണപ്പിരിവ് നടത്തിയെന്നും ചൂണ്ടിക്കാട്ടി 1960 ൽ അധ്യാപക സ്ഥാനത്തുനിന്നും പിരിച്ചുവിട്ടു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കി. എന്നാൽ അധ്യാപകനായി തുടരാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായ നാരായണൻ നായർ, അധ്യാപനത്തിൽ നിന്ന് തന്നെ നിയമ വിരുദ്ധമായി പുറത്താക്കിയതിൽ പ്രചോദനം ഉൾക്കൊണ്ട് 1966 ൽ കേരള ലോ അക്കാദമി എന്ന പബ്ലിക് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

അതിന് ശേഷം 1968 ൽ കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി. നിയമത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് നാരായണൻ നായർ. കേരള സർവകലാശാല സിൻഡിക്കേറ്റിലും സെനറ്റിലും ഏറ്റവും കൂടുതൽ കാലം അംഗമായതിനുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചു. 1987 മുതൽ 2016 വരെ തുടർച്ചയായി 30 കൊല്ലം ബാർ കൗൺസിൽ അംഗമായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ ആറ് ബാർ കൗൺസിലുകളിൽ അദ്ദേഹം സജീവ സാന്നിധ്യമായി. പാണ്ഡിത്യപരവും ഗവേഷണപരവുമായ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ്, ജസ്റ്റിസ് സി. എസ് രാജൻ, ജസ്റ്റിസ് ശ്രീദേവി (കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ), പി. ഗോപാലകൃഷ്ണൻ നായർ (കേരള ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ), അബ്ദുൾ ഗഫൂർ (അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിൽ, കേരള ഹൈക്കോടതി), അലക്‌സാണ്ടർ പി. ജെ (മുൻ ഐ.ജി), ആന്റോ ആന്റണി, എം. കെ മുനീർ, മോൻസ് ജോസഫ്, നടൻ മുകേഷ് ഉൾപ്പെടെ നിരവധി പേർ നാരായണൻ നായരുടെ ശിക്ഷ്യന്മാരാണ്.

Story Highlights: Dr. N Narayanan Nair, Kerala law academy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top