ധോണിയും സഞ്ജുവും മുഖാമുഖം; ഇന്ന് രാജസ്ഥാൻ-ചെന്നൈ പോരാട്ടം

ipl rr csk preview

ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം കളിച്ച് ഓരോ മത്സരം വിജയിച്ചു. അതുകൊണ്ട് തന്നെ വിജയം തുടരുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

സുരേഷ് റെയ്നയുടെ തിരിച്ചുവരവ് സിഎസ്കെ ക്യാമ്പിന് ആകമാനം ഒരു ഉണർവ് നൽകിയിട്ടുണ്ട്. ആദ്യ കളി ഫിഫ്റ്റിയടിച്ച റെയ്ന താൻ ഫോമിലാണെന്ന് വിളംബരം ചെയ്യുകയും ചെയ്തു. ദീപക് ചഹാർ ഫോമിലേക്ക് തിരികെ എത്തിയത് ടീം മാനേജ്മെൻ്റിന് വലിയ ആശ്വാസമാകും. പവർപ്ലേയിൽ ചഹാറിൻ്റെ സേവനം കഴിഞ്ഞ സീസണിൽ ചെന്നൈ വല്ലാതെ മിസ് ചെയ്തിരുന്നു. പോയ സീസണിലെ മോശം പ്രകടനങ്ങൾ മാറ്റിനിർത്തി ചഹാൽ ഫോമിലേക്കെത്തിയത് മറ്റ് ടീമുകൾക്ക് മുന്നറിയിപ്പാണ്. മൊയീൻ അലിയുടെ റെഡ് ഹോട്ട് ഫോം ആണ് ചെന്നൈയുടെ മറ്റൊരു പോസിറ്റീവ് ഘടകം. രണ്ട് മത്സരങ്ങളിലും മൊയീൻ്റെ ബാറ്റ് ശബ്ദിച്ചു. സാം കറ, രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെ മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ച വച്ചത്.

ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലല്ല. പകരം ഉത്തപ്പയ്ക്ക് സാധ്യതയുണ്ടെങ്കിലും യുവതാരത്തിന് ചില അവസരങ്ങൾ കൂടി ലഭിച്ചേക്കാം. അഞ്ചാം നമ്പരിൽ കളിക്കുന്ന അമ്പാട്ടി റായുഡു ആ സ്ഥാനത്ത് എത്രത്തോളം ഫിറ്റാവുമെന്നത് ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്.

രാജസ്ഥാൻ റോയൽസിൽ ബെൻ സ്റ്റോക്സ് പോയതുകൊണ്ട് മാത്രം ഇടം ലഭിച്ച ഡേവിഡ് മില്ലർ കഴിഞ്ഞ കളിയിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കാഴ്ചവച്ചത് മാനേജ്മെൻ്റിന് ആത്മവിശ്വാസം നൽകും. ഫിനിഷർ എന്ന റോളിൽ ക്രിസ് മോറിസ് സെറ്റായതും രാജസ്ഥാന് ആശ്വാസമാണ്. ചേതൻ സക്കരിയ, ജയ്‌ദേവ് ഉനദ്കട്ട്, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയവർ അടങ്ങിയ പേസ് നിരയും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ കളിയിലെ ഉനദ്കട്ടിൻ്റെ പ്രകടനം മറ്റ് ടീമുകൾക്ക് മുന്നറിയിപ്പാണ്.

പൊട്ടൻഷ്യലിനനുസരിച്ച് ശിവം ദുബെയ്ക്ക് കളിക്കാനാവുന്നില്ലെന്നത് പ്രശ്നമാണ്. അനുജ് റാവത്ത്, യശസ്വി ജയ്സ്വാൾ എന്നിവരിൽ ആരെങ്കിലും ദുബെയ്ക്ക് പകരം കളിച്ചേക്കും. ഒരു അവസരം കൂടി ദുബെയ്ക്ക് ലഭിക്കാനും ഇടയുണ്ട്. ഓപ്പണിംഗിൽ മനൻ വോഹ്റയും മോശം ഫോമിലാണ്. വോഹ്‌റയെ പുറത്തിരുത്താൻ തീരുമാനിച്ചാൽ യശസ്വി കളിക്കും. തെവാട്ടിയ ഫോമിലേക്കെത്തിയിട്ടില്ല എന്നത് പ്രതിസന്ധി ആണെങ്കിലും ഏറെ ബൗളിംഗ് ഓപ്ഷനുകൾ ഉള്ളത് രാജസ്ഥാന് അനുകൂല ഘടകമാണ്.

Story Highlights: ipl rr vs csk preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top