ഇന്നത്തെ പ്രധാന വാർത്തകൾ (20-04-2021)

കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി
ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെ ടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.
പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ്; പൂരം പ്രദർശനം നിർത്തിവച്ചു
പൂരം പ്രദർശനം നിർത്തിവച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം.
കെ എം ഷാജിയുടെ വീടുകള്‍ അളന്ന് തിട്ടപ്പെടുത്തും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്തും. വിജിലന്‍സ് പിഡബ്ല്യൂഡിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. അതേസമയം സ്വത്ത് സംബന്ധമായ രേഖകളെല്ലാം ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി
തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. 30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here