കൊടകര കുഴൽപ്പണ കവർച്ചക്കേസ്; 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായത്. തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശികളായ ദീപക്, ബാബു, ഹരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, അബ്ദുൽ ഷാഹിദ് എന്നിവരാണ് അറസ്റ്റിയായവർ.
കുഴൽപ്പണം തട്ടിയെടുത്ത സംഘത്തിലെ ഒൻപത് പേർ കസ്റ്റഡിയിലായിരുന്നു. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി വ്യക്തമാക്കി.
വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിയ ശേഷം എറണാകുളത്തേക്കാണ് സംഘം കടന്നത്. പ്രതികളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികൾ ഒളിവിലാണ്. പിടിയിലായവർ നേരത്തെ സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എസ്.പി ജി. പൂങ്കുഴലി പറഞ്ഞു.
കഴിഞ്ഞ മൂന്നാം തീയതിയാണ് കൊടകരയ്ക്ക് സമീപം വച്ച് വാഹനാപകടം സൃഷ്ടിച്ച് കുഴൽപണം കവർന്നത്. പാലിയേക്കര ടോൾ പ്ലാസയിലൂടെ കുഴൽപ്പണം കടത്തിയ കാറിനെ രണ്ട് കാറുകൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുഴൽപ്പണം കടത്തിയിരുന്ന സംഘം തങ്ങിയ തൃശൂർ എം.ജി റോഡിലെ ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. ഭൂമി ഇടപാടിനായി കൊണ്ടുപോയിരുന്ന 25 ലക്ഷം രൂപ തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. എന്നാൽ മൂന്നരക്കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Story highlights: kodakara black money case 7 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here