വാക്സിൻ വിതരണ നയത്തിൽ അപാകതയെന്ന് ഹർജി; ഉത്പാദകർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തത്കാലം ഉത്തരവ് പാസാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പാലക്കാട് സ്വദേശി സിപി പ്രമോദാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഒരേ വാക്സിന് വിത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ വില നിയന്ത്രിക്കുവാനാവശ്യമായ നടപടികൾക്ക് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങൾക്കും വാക്സീൻ ലഭ്യമാക്കണമെന്നും വാക്സിൻ നിർമാണക്കമ്പനികൾക്ക് വില നിർണയാവകാശം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ സുപ്രിംകോടതി നിർണായക ഇടപെടൽ നടത്തിയിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി നിദേശിച്ചു. വാക്സിൻ വില നിർണയിക്കാൻ അവലംബിച്ച യുക്തിയും മാർഗവും എന്താണെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ വാക്സിൻ ആവശ്യകത എത്രയെന്നും അറിയിക്കാൻ നിർദേശിച്ച കോടതി അധികാരം പ്രയോഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പല ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
Story highlights: appeal in vaccine distribution high court sent notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here