Advertisement

അരങ്ങില്‍ നിന്നും മത്സരത്തിനിറങ്ങിയ താരങ്ങളും വിജയപരാജയങ്ങളും

May 2, 2021
Google News 2 minutes Read
: Film Stars in Assembly Election 2021

കേരളം തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടിലാണ്. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ജനവിധി പുറത്തുവന്നു. കേരളം ഇത്തവണയും ചുവപ്പിനോട് കൂറ് പുലര്‍ത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു.

ഇത്തവണ ചലച്ചിത്രരംഗത്ത് നിന്നും മത്സരിക്കാനിറങ്ങിയ താരങ്ങളും ഏറെയാണ്. എം മുകേഷ്, കെ ബി ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, വീണ എസ് നായര്‍, മാണി സി കാപ്പന്‍ എന്നിവരാണ് ചലച്ചിത്ര രംഗത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ താരങ്ങള്‍.

അറിയാം താരങ്ങളുടെ ജയപരാജയ വിവരങ്ങള്‍

കെ ബി ഗണേഷ് കുമാര്‍- കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജിതിന്‍ ദേവിനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് കെ ബി ഗണേഷ് കുമാറിന്റെ വിജയം.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി- ചലച്ചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിച്ചത് കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജക മണ്ഡലത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച താരം പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവാണ് ബാലുശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. ലിബിന്‍ ഭാസ്‌കര്‍ ആണ് മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

സുരേഷ് ഗോപി- തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് സുരേഷ് ഗോപി മത്സരിച്ചത്. ലീഡ് നില മാറിമാറി വന്നെങ്കിലും മണ്ഡലത്തില്‍ വിജയിക്കാന്‍ സുരേഷ് ഗോപിക്കായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് മണ്ഡലത്തില്‍ വിജയിച്ചത്. പത്മജ വേണുഗോപാല്‍ ആണ് തൃശൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

എം മുകേഷ്- കൊല്ലം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം മുകേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം സുനിലിനേയും പരാജയപ്പെടുത്തിയാണ് എം മുകേഷ് വിജയിച്ചത്.

വീണ എസ് നായര്‍- സീരിയല്‍ രംഗങ്ങളിലൂടെ ശ്രദ്ധേയമായ വീണ എസ് നായര്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിലാണ് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വീണ എസ് നായര്‍ക്ക് വിജയിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് ആണ് മണ്ഡലത്തില്‍ വിജയിച്ചത്. വിവി രാജേഷ് ആണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കൃഷ്ണകുമാര്‍- തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് ചലച്ചിത്രതാരം കൃഷ്ണകുമാര്‍ മത്സരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് മണ്ഡലത്തില്‍ വിജയിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു ആണ് ജയിച്ചത്. വിഎസ് ശിവകുമാര്‍ ആണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

മാണി സി കാപ്പന്‍- ഒരു കാലത്ത് നിര്‍മാതാവായും അഭിനേതാവായും ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ് മാണി സി കാപ്പന്‍. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രമീള ദേവിയേയും പരാജയപ്പെടുത്തിയാണ് മാണി സി കാപ്പന്‍ പാല നിയോജക മണ്ഡലത്തില്‍ വിജയിച്ചത്.

വിവേക് ഗോപന്‍- സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിവേക് ഗോപന് വിജയിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത് വിജയനാണ് മണ്ഡലത്തില്‍ വിജയം. ഷിബു ബേബി ജോണ്‍ ആണ് ചവറയില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Story highlights: Film Stars in Assembly Election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here