എൻഡിഎ വിജയിക്കാതിരിക്കാൻ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു: കെ സുരേന്ദ്രൻ

surendran response nda defeat

നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നു. എൻഡിഎ വിജയിക്കാതിരിക്കാൻ വർഗീയമായ ധ്രുവീകരണത്തിന് ശ്രമം നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിപക്ഷമായി, ജനങ്ങളുടെ പ്രതിപക്ഷമായി തുടർന്നും മുന്നോട്ടുപോവാൻ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച സുരേന്ദ്രൻ രണ്ടിടത്തും പരാജയപ്പെട്ടിരുന്നു. എൻഡിഎയ്ക്ക് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞതുമില്ല.

“പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ല എന്നുള്ള കാര്യം അംഗീകരിക്കുന്നു. ഞങ്ങൾക്ക് വിജയസാധ്യത ഉണ്ടായിരുന്ന പല മണ്ഡലങ്ങളിലും വലിയ തോതിൽ ധ്രുവീകരണത്തിനുള്ള നീക്കം നടന്നു എന്നുള്ളതാണ് പ്രാഥമികമായി ഞങ്ങൾ കാണുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രകടനത്തെ സംബന്ധിച്ച് പാർട്ടിക്കകത്തും എൻഡിഎയ്ക്കകത്തും വിശദമായ ചർച്ചകൾ നടത്തി ശക്തമായി മുന്നോട്ടുപോവുക എന്ന നിലപാടായിരിക്കും ഞങ്ങൾ സ്വീകരിക്കുക. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോടും സിപിഐഎമ്മിൻ്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടർന്നും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് പോരാട്ടം തുടരുക തന്നെ ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിപക്ഷമായി, ജനങ്ങളുടെ പ്രതിപക്ഷമായി തുടർന്നും മുന്നോട്ടുപോവാൻ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആശയപരമായി ഇടത് പാർട്ടികളോടുള്ള ഞങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോവാൻ തയ്യാറാവും.”- സുരേന്ദ്രൻ പറഞ്ഞു.

“നേമത്ത് മാത്രമല്ല, എല്ലായിടത്തും മുസ്ലിം വോട്ടർമാർക്കിടയിൽ വ്യാപക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ ഞങ്ങൾ പിടിച്ചിട്ടും 700 വോട്ടിന് ഞങ്ങൾ പരാജയപ്പെടുകയാണ്. പാലക്കാട്, ലോകാരാധ്യനായിട്ടുള്ള ഇ ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിനകത്തെ മുസ്ലിം വോട്ടർമാർ യുഡിഎഫിനു വോട്ട് ചെയ്തു. പച്ചയായിട്ടുള്ള സത്യമാണത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നു. എൻഡിഎ വിജയിക്കാതിരിക്കാൻ വർഗീയമായ ധ്രുവീകരണത്തിന് ശ്രമം നടന്നു എന്നതാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തൽ.”- അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ അതിനെ അംഗീകരിക്കണം. വിജയിച്ച ആളെ അംഗീകരിക്കുന്നതിൽ എന്താണ് കുഴപ്പം? പക്ഷേ, ഇതേ പിണറായി വിജയനാണ് കുറച്ച് മാസങ്ങൾക്കു മുൻപ് 20-ൽ 19 സീറ്റിലും പരാജയപ്പെട്ടത്. അതുകൊണ്ട് തെരഞ്ഞെടുപ്പുകൾ വരും, പോകും. ഓരോ തെരഞ്ഞെടുപ്പിലും ഓരോ ജനവിധിയാണ്. സ്ഥായിയായ ഒരു ജനവിധി ജനങ്ങൾ നൽകുന്നില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ഒരു തവണത്തെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ലല്ലോ കാര്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: k surendran response after nda defeat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top