വിജയമുറപ്പിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിലായ മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇ. ചന്ദ്രശേഖന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, കെ ടി ജലീല്‍, കെ കൃഷ്ണന്‍കുട്ടി, എ. സി മൊയ്തീന്‍, എം എം മണി, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നു. വോട്ടെണ്ണല്‍ നാലരമണിക്കൂര്‍ പിന്നിടുമ്പോഴുള്ള ഫല സൂചനകള്‍ നോക്കുമ്പോള്‍ ചിലര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയും മറ്റു ചിലര്‍ക്ക് അടി പതറുകയുമാണുണ്ടായത്.

തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് മത്സരിച്ച എം. എം മണിയും പേരാമ്പ്രയില്‍ നിന്ന് മത്സരിച്ച ടി. പി രാമകൃഷ്ണനും വിജയിച്ചു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എം എം മണിയുടെ ജയം. ടി പി രാമകൃഷ്ണന്‍ വിജയിച്ചത് 6,173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ. കെ ശൈലജ, എ. കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.സി മൊയ്തീന്‍, കെ. കൃഷ്ണന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മന്ത്രി സ്ഥാനത്തിരുന്ന് മത്സരിച്ച രണ്ട് പേര്‍ക്ക് അടിപതറി, തവനൂരില്‍ നിന്ന് മത്സരിച്ച കെ. ടി ജലീലിനും കുണ്ടറയില്‍ നിന്ന് മത്സരിച്ച ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും.

മന്ത്രി സ്ഥാനത്തിരിക്കെ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കെ. ടി ജലീലും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആരോപണങ്ങള്‍ വോട്ടുകളില്‍ പ്രതിഫലിച്ചുവെന്നാണ് ഫലസൂചനകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ലീഡ് നിലനിര്‍ത്തിയ കെ. ടി ജലീല്‍ പക്ഷേ പിന്നോട്ടുപോയി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിലാണ് തവനൂരില്‍ മുന്നിട്ട് നില്‍ക്കുന്നത്. ജലീലിനേക്കാള്‍ 1557 വോട്ടുകള്‍ക്കാണ് ഫിറോസ് മുന്നില്‍. ഫിറോസിന്റെ നന്മമരം പരിവേഷം തെരഞ്ഞെടുപ്പിലും ഏറെ ചര്‍ച്ചയായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ അഴിമതിയാണ് ഏറ്റവും ഒടുവിലായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണം. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയായിരുന്നു പ്രതിസ്ഥാനത്ത്. കുണ്ടറയില്‍ മന്ത്രിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥ് വിഷയം ആഞ്ഞുകത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു. അത് വോട്ടെണ്ണലില്‍ പ്രതിഫലിച്ചുവെന്ന് വേണം പറയാന്‍. കുണ്ടറയില്‍ പി. സി വിഷ്ണുനാഥ്, മേഴ്‌സിക്കുട്ടിയമ്മയേക്കാള്‍ 1282 വോട്ടുകള്‍ക്ക് മുന്നിലാണ്. ഒരു പക്ഷേ ഫലസൂചകങ്ങള്‍ മാറി മറിഞ്ഞേക്കാം, അതറിയാന്‍ അല്‍പനേരം കൂടി കാത്തിരിക്കേണ്ടിവരും.

Story highlights: assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top