തെരെഞ്ഞെടുപ്പ് പരാജയം,ആലപ്പുഴയിൽ എം ലിജു ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ആലപ്പുഴയിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ എം ലിജു രാജിവച്ചു. ഇന്ന് രാവിലെയോടെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് ലിജുവിന്റെ രാജി. എം. ലിജുവിന് പുറമേ വയനാട് ഡിസിസി സെക്രട്ടറി എം.ജി. ബിജുവും രാജിവച്ചു. മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ബിജുവിന്റെ രാജി.

2016 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ആലപ്പുഴയില്‍ കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഒഴികെ ബാക്കിയെല്ലാ മണ്ഡലങ്ങളിലും ദയനീയ തോല്‍വി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആരിഫ് ജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചിരുന്നു. ഇക്കുറി വീണ്ടും അരൂര്‍ ഇടതുപക്ഷത്തേക്ക് മാറി. ഇക്കുറി സിപിഐഎം തോമസ് ഐസക്കിനെയും ജി സുധാകരനെയും മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ആ അവസരം മുതലെടുക്കാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top