Advertisement

നന്മയായും നര്‍മമായും അള്‍ത്താരയിലെ ‘സ്വര്‍ണനാവുള്ള വൈദികന്‍’

May 5, 2021
Google News 2 minutes Read
mar chrysostom

മാനവരാശിയുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പുരോഹിതന്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതവ്രതം തന്നെ സ്നേഹവും കരുണയും നിറഞ്ഞ ഉറവവറ്റാത്ത കാരുണ്യപ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു. ജാതിമതഭേദമന്യേ ജനമനസുകളിലേക്കിറങ്ങിച്ചെന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, നര്‍മത്തിലൂടെ മനുഷ്യരുടെ മര്‍മം പഠിച്ചും മറ്റുള്ളവരെ സ്നേഹം പഠിപ്പിക്കുകയും ചെയ്തു. ജീവിതത്തില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുവന്ന വലിയ ഇടയന്‍ പുഞ്ചിരികൊണ്ടുള്ള ജീവിതത്തിന്റെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി.

1918 ഏപ്രില്‍ 17ന് പത്തനംതിട്ടയിലെ ഇരവിപേരൂരിലാണ് കെ.ഇ.ഉമ്മന്‍ കശ്ശീശയുടെയും ശോശാമ്മയുടെയും മകനായി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളേജ്, യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടി.

1944ല്‍ വൈദികനായി. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ 1953ല്‍ എപിസ്‌കോപാ സ്ഥാനത്തെത്തിയ തിരുമേനി 1999 ഒക്ടോബര്‍ 23നാണ് സഭയുടെ ഇരുപതാമത് മെത്രാപ്പൊലീത്തയാകുന്നത്. തുടര്‍ന്ന് വിവിധ ഭദ്രാസനങ്ങളുടെ അമരക്കാരനായും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേശീയ ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 1954ലും 1968ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമ്മേളനങ്ങളിലും സാന്നിധ്യമായി. 2007ല്‍ ശാരീരിക അവശതകള്‍ മൂലം സ്ഥാനത്യാഗം ചെയ്തു.

പൊതുമധ്യത്തില്‍ സ്ഥാനത്യാഗം ചെയ്തെങ്കിലും അദ്ദേഹം മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു, ജീവിച്ചു. സ്നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത പച്ചയായ മനുഷ്യന്‍… ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരുന്ന വ്യക്തി കൂടിയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ജാതിക്കും മതത്തിനും മേലേ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പകരം വയ്ക്കാനില്ലാത്ത സേവനത്തിന് 2018ല്‍ രാജ്യം പത്്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമായി എക്കാലത്തും ഇടപെടലുകള്‍ നടത്തിയ ആത്മീയ നേതാക്കളിലൊരാളായിരുന്നു മാര്‍ ക്രിസോസ്റ്റം.

‘കഥ പറയും കാലം’ എന്ന പേരില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തന്റെ ജീവിത രേഖ ആത്മകഥാ രൂപമാക്കി. ‘തിരുഫലിതങ്ങള്‍’, ‘ദൈവം ഫലിതം സംസാരിക്കുന്നു’, ‘ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക’ തുടങ്ങിയ കൃതികള്‍ മാനവരാശിക്കുള്ള അദ്ദേഹത്തിന്റെ അനശ്വര സംഭാവനകളായിരുന്നു.

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മിക പ്രഭാഷകനായ വലിയ ഇടയനെ, കേള്‍വിക്കാര്‍ എക്കാലവും സാകൂതം ശ്രവിച്ചിരുന്നു.

പ്രതിസന്ധികളെ ലാഘവത്തോടെയും ലാളിത്യത്തോടെയുമായിരുന്നു അദ്ദേഹം എക്കാലവും സമീപിച്ചിരുന്നത്. അടിയുറച്ച ആത്മവിശ്വാസത്തിനും അര്‍പണബോധത്തിനും മുന്‍പില്‍ ഹൃദ്രോഗവും അര്‍ബുദവും മുട്ടുമടക്കി. സ്വര്‍ണനാവുള്ള വൈദികന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ വലിയ ഇടയന്‍ പുരോഹിത ജീവിതത്തെ തെല്ലും മേമ്പൊടിയില്ലാതെ ജനത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു.

Story Highlights- mar chrysostom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here