Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-05-2021)

May 6, 2021
Google News 1 minute Read

ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ മരിച്ച ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമെന്ന് സുപ്രിംകോടതി

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമെന്ന് സുപ്രിംകോടതി. ഓക്‌സിജന്‍ ഓഡിറ്റ് ഇപ്പോള്‍ തയാറാക്കാന്‍ തുടങ്ങിയാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയും. മൂന്നാം തരംഗത്തെ നേരിടാന്‍ പദ്ധതിയെന്തെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ചോദിച്ചു.

മെയ് എട്ട് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

രണ്ട് ജില്ലകളിലെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കാത്തിരിപ്പ്; ആശങ്ക

കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ഏര്‍പ്പാടാക്കി. മറ്റ് മരണങ്ങള്‍ക്കൊപ്പം കൊവിഡ് മരണങ്ങളും വര്‍ധിച്ച സന്ദര്‍ഭത്തിലാണ് ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉടലെടുക്കുന്നത്.

കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. കൊവിഡിന് എതിരായ നിര്‍ണായക നിമിഷമെന്ന് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞു.

രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ നീട്ടി സംസ്ഥാനങ്ങള്‍

രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍, കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും നീട്ടി. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കൊവിഡ് അതിതീവ്ര വ്യാപനം; കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചേക്കും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍. എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ മറ്റു ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടാനും സാധ്യതയുണ്ട്.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here