ദി ഹണ്ട്രഡിൽ ഷഫാലി വർമ്മയും; ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ അഞ്ചായി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൻ്റെ ആദ്യ എഡിഷനിൽ ഇന്ത്യൻ കൗമാര താരം ഷഫാലി വർമയും കളിക്കും. കിവീസ് ഓൾറൗണ്ടർ സോഫി ഡിവൈൻ നയിക്കുന്ന ബർമിംഗ്‌ഹാം ഫീനിക്സിനു വേണ്ടിയാവും ഷഫാലി പാഡണിയുക. സോഫിക്ക് പകരമാണ് ഷഫാലിയെ ടീമിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ടൂർണമെൻ്റിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി.
ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, കൗമാര താരം ജമീമ റോഡ്രിഗസ്, ഓൾറൗണ്ടർ ദീപ്തി ശർമ്മ എന്നിവരൊക്കെ ഹണ്ട്രഡിലെ വിവിധ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20കളിൽ വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവക്കുന്ന ഷഫാലിയും ടൂർണമെൻ്റിൽ കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമതാണ് ഷഫാലി. വെറും 17 വയസ്സ് മാത്രം പ്രായമുള്ള താരം 22 ടി-20 മത്സരങ്ങളിൽ നിന്ന് 617 റൺസാണ് നേടിയിരിക്കുന്നത്.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: Shafali Verma will play in the hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here