ഓക്‌സിജൻ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും; പരിശീലനം നാളെ മുതൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ. ഓക്‌സിജൻ ടാങ്കറുകൾ സർവ്വീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ സേവനം മേയ് 13 മുതൽ ലഭ്യമാക്കും. ആദ്യബാച്ചിലെ 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ INOX കമ്പനിയുടെ ഓക്‌സിജൻ ടാങ്കറിൽ ലഭ്യമാക്കും.
സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഓക്‌സിജൻ സിലണ്ടറുകൾ എത്തിക്കാൻ സർക്കാർ ഒരുക്കിയ വാർ റൂമിൽ, ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെടുമ്പോൾ കെ.എസ്.ആർ.ടി.സിയോട് സഹായം തേടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 450-ൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിനായി താൽപര്യം അറിയിച്ചത്. ആദ്യബാച്ചിലെ 35 ഡ്രൈവർമാർക്കാണ് നാളെ പരിശീലനം നൽകുന്നത്. തുടർന്ന് മേയ് 14ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും.
വിവിധ ജില്ലയിലെ കളക്ടറേറ്റുകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഡ്രൈവർമാരായും, മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം നടത്തുന്നതായും സിഎംഡി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here