Advertisement

നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

May 16, 2021
Google News 1 minute Read
triple lockdown from tomorrow midnight

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. ഇവിടങ്ങളില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. മറ്റു ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടരും. മെയ് 23 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരിക. രോഗവ്യാപനം നിയന്ത്രിക്കാനുള്ള കര്‍ശന മാര്‍ഗമെന്ന നിലയിലാണ് വ്യാപനത്തോത് കൂടുതലുളള നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ.

ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും.

ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍ന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍ന്റീന്‍ ലംഘിക്കുന്നവര്‍ക്കും അതിനു സഹായം നല്‍കുന്നവര്‍ക്കുമെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം നടപടികള്‍ എടുക്കും. ഈ മേഖലകളില്‍ കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ വഴി വാര്‍ഡ് സമിതികള്‍ ഭക്ഷണമെത്തിക്കാന്‍ നടപടി സ്വീകരിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

മരുന്നുകട, പെട്രോള്‍ പമ്പ് എന്നിവ തുറക്കാം. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്ക് മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യാം.

വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവര്‍ത്തിക്കാം. മിനിമം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഈ മാസം 23 വരെയാണ് നിയന്ത്രണം.

Story Highlights: triple lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here