Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-05-2021)

May 17, 2021
Google News 1 minute Read

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് ബാധ്യതയാണെന്ന ആക്ഷേപം ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉന്നയിച്ചു.

മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങള്‍; ഇടതു മുന്നണി യോഗത്തില്‍ തീരുമാനം

മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

നാരദ കൈക്കൂലി കേസ്; തൃണമൂല്‍ നേതാക്കളെ സിബിഐ ചോദ്യം ചെയ്യുന്നു

നാരദ കൈക്കൂലിക്കേസിൽ തൃണമൂല്‍ കോൺഗ്രസിന്‍റെ 2 മന്ത്രിമാർ അടക്കമുള്ള 4 മുതിർന്ന നേതാക്കൾ അറസ്റ്റിൽ. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എം‌എൽ‌എ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. മുതിർന്ന നേതാക്കളുടെ അറസ്റ്റിനെ വിമർശിച്ച മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു.

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക്

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിംഗ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലെക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ പുറപ്പെട്ടത്. കൊച്ചി വല്ലാര്‍പാടത്ത് ഇന്നലെയാണ് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിയത്.

പ്രതിദിന രോഗബാധിതർ 2.81 ലക്ഷം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2,81,386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4106 പേർ രോഗബാധിതരായി മരണപ്പെട്ടു. കരിച്ചത്. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികളില്‍ അതൃപ്തി; ശാസ്ത്ര സമിതിയില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റിന്‍റെ രാജി

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കൊവിഡ് പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറം ഇന്‍സാകോഗില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യം ആണ് ഇന്‍സാകോഗ്. കൊറോണ വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ഈ സ്ഥാപനം ആരംഭിച്ചത്.

4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ; അതിർത്തികളിൽ പരിശോധന കർശനമാക്കി

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്തില്‍ എത്താന്‍ സാധ്യത

ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പുതിയ പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയില്‍ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍ കാരണം.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here