പശു അമ്മയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഹിന്ദുക്കൾ താമസിക്കുന്നിടത്ത് ബീഫ് കഴിക്കരുത്: പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കൾ തമാക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഗോമാംസം കഴിക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഭരണകക്ഷിയായ ബി.ജെ.പി.യും അസമിൽ നിർദ്ദേശിച്ചു.
“പശു ഞങ്ങളുടെ അമ്മയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്ന് കന്നുകാലികൾ വരുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ആവശ്യം. പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളിൽ ഗോമാംസം കഴിക്കരുത്. മൊത്തത്തിൽ ആളുകൾ അവരുടെ സ്വാഭാവിക ശീലങ്ങൾ ഉപേക്ഷിക്കണമെന്ന് ഞാൻ പറയുന്നില്ല, ഫാൻസി ബസാറിലോ സാന്തിപൂരിലോ ഗാന്ധിബാസ്തിയിലോ ഹോട്ടൽ മദീന ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.” – ശർമ്മ പറഞ്ഞു.
ബി.ജെ.പി. എം.എൽ.എ. ആയ മൃണാൾ സൈക്യ പ്രതികരിച്ചത്, പശു തങ്ങൾക്ക് മതപരമായി പ്രാധാന്യമാണെന്നും അതിനാൽ അവയെ കശാപ്പു ചെയ്യരുതെന്നും, നഗര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പരസ്യമായി ഗോമാംസം വിൽക്കരുതെന്നുമാണ്. ഈ കാര്യങ്ങൾ എല്ലാം തന്നെ ബില്ലിൽ പരാമർശിച്ചിട്ടുമുണ്ട്.
“പശു സംരക്ഷണം വരുമ്പോഴെല്ലാം ആളുകൾ വർഗീയ വൽക്കരിക്കുകയാണ്. ഗോമാതാവ് നമ്മുടെ സംസ്കാരവും വിശ്വാസവുമാണ്. പശുക്കൾ നമ്മളവർക്ക് നൽകുന്നതിനേക്കാൾ തിരികെ നൽകുന്നു. നമുക്ക് പശുക്കളെ വേണം. പാലിനേക്കാൾ ഉപയോഗമുള്ളതാണ് ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന് 45 രൂപയാണ് ഈടാക്കുന്നത്. അതേസമയം പാലിന് 50 രൂപയാണുള്ളത്. ഇതിൽ നിന്നും നമ്മൾ ഗോമൂത്രത്തിൻറെ വില മനസ്സിലാക്കണം” -മൃണാൾ സൈക്യ പറഞ്ഞു.
അതേ സമയം വിഷയത്തിൽ പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ് രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആൾകൂട്ടക്കൊലക്ക് വഴിതുറക്കുന്നതാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ്. പ്രതികരിച്ചു.