വാഹന വായ്പ ക്രമക്കേട്; എച്ച്.ഡി.എഫ്.സി ബാങ്കിന് 10 കോടി പിഴയിട്ട് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി. ബാങ്കിങ് നിയമത്തിന്റെ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയത്. നിയമത്തിലെ സെക്ഷൻ 6 (2), സെക്ഷൻ 8 എന്നിവ ലംഘിച്ചെന്നാണ് പരാതി.
ബാങ്കിൻറെ വാഹന വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പിഴ. പരാതിയെ തുടർന്ന് കഴിഞ്ഞവർഷം എച്ച്.ഡി.എഫ്.സി ആറു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വാഹന വായ്പ വകുപ്പിലെ ചില ജീവനക്കാർ കാർ വായ്പകളുമായി ബന്ധപ്പെട്ട ജി.പി.എസ്. ഉപകരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിച്ചുവെന്ന് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. വായ്പ രേഖകൾ പരിശോധിക്കുന്നതുവരെ ചില ഉപഭോക്താക്കൾക്ക് അത്തരമൊരു ഉൽപ്പന്നം വാങ്ങുന്നതിനെക്കുറിച്ച് പോലും അറിയില്ലായിരുന്നുവെന്ന് കണ്ടെത്തി. ഇതിൻറെ പശ്ചാത്തലത്തിൽ ബാങ്കിൻറെ വാഹന വായ്പ മേധാവി അശോക് ഖന്ന സ്ഥാനമൊഴിയുകയും ചെയ്തു.
റിസർവ് ബാങ്കിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കിൻറെ വാഹന വായ്പ പോർട്ട്ഫോളിയോയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ രേഖകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മാർക്കറ്റിങ് രേഖകളും ഉപഭോക്താക്കളുടെ തേർഡ് പാർട്ടി സാമ്പത്തികയിതര ഉൽപ്പന്നങ്ങളുടെ രേഖകളുമാണ് പരിശോധിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. ബാങ്കിന് റിസർവ് ബാങ്കിൻറെ കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് അനുസരിക്കുമെന്നും എച്.ഡി.എഫ്.സി. വക്താവ് പറഞ്ഞു.
പരാതിയിൽ ബാങ്കിന് ആർ.ബി.ഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് നോട്ടീസിലെ മറുപടി പരിശോധിക്കുകയും വ്യക്തിഗത വാദം കേൾക്കലും നടത്തുകയും ചെയ്തതിന് ശേഷം ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതോടെ പിഴ ചുമത്തുകയായിരുന്നുവെന്നും ആർ.ബി.ഐ പറഞ്ഞു. അതേസമയം ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടവയോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും റിസർവ് ബാങ്ക് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here