ആരോഗ്യകരവും അത്പോലെ രുചികരവും; പ്രതിരോധശക്തിക്ക് കഴിക്കാം ഈ വെജിറ്റബിൾ പാൻകേക്ക്

കൊറോണ വൈറസിൻറെ മൂന്നാം തരംഗം രാജ്യത്ത് അലയടിക്കാൻ ഇനി അധികനാളുകളില്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ, പോഷകസമൃദ്ധമായ ഭക്ഷണക്രമവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നത് തെറ്റാകില്ല. നിങ്ങൾക്ക് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ, കൊവിഡ് ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ കഴിയും.
ഈ വെജിറ്റബിൾ പാൻകേക്ക് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരവും അത്പോലെ തന്നെ രുചികരവും ആണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഉള്ളിയും കാരറ്റും മറ്റും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. ചുട്ണിയോടൊപ്പമാണ് ഈ പാൻകേക്ക് കഴിക്കേണ്ടത്.
ചേരുവകൾ
കാരറ്റ് – 1/4 കപ്പ്
ചീര – 1/4 കപ്പ്
കാബേജ് – 1/4 കപ്പ്
സവാള – 1/4 കപ്പ്
മല്ലിയില – 1/4 കപ്പ്
പച്ചമുളക് – 2
ഇഞ്ചി – 1 ഇഞ്ച്
മൈദാ മാവ് – 75 ഗ്രാം
കടലമാവ് – 25 ഗ്രാം
സത്തു (പയറുവർഗ്ഗങ്ങളും ധാന്യങ്ങളും പൊടിച്ചത്) – 25 ഗ്രാം
ഓട്സ് – 25 ഗ്രാം
പാൽ – 1 കപ്പ്
മുട്ട – 1
എണ്ണ – 2 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
മഞ്ഞൾ – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1/2 ടീസ്പൂൺ
വെളുത്ത എള്ള് – 1 ടീസ്പൂൺ
ഉപ്പ് – രുചി അനുസരിച്ച്
ചുട്ണിക്കുള്ള ചേരുവകൾ
മത്തങ്ങ വിത്തുകൾ – 1ടേബിൾ സ്പൂൺ
എള്ള് – 1 ടേബിൾ സ്പൂൺ (വെള്ള)
ഒരു പിടി പുതിന
തൈര് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 2
വെളുത്തുള്ളി – 2
ഉപ്പ് – രുചി അനുസരിച്ച്
തയാറാക്കുന്ന വിധം
മൈദാ മാവ്, കടലമാവ്, ഓട്സ്, സത്തു, ഉപ്പ്, മഞ്ഞൾ, ബേക്കിംഗ് സോഡ, ജീരകപ്പൊടി, കുരുമുളക് പൊടി എന്നിവയുൾപ്പെടെ എല്ലാ പൊടി ചേരുവകളും ചേർത്ത് ഇളക്കുക. അതിനുശേഷം, കാബേജ്, സവാള, ചീര, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞതും, കാരറ്റ്, ഇഞ്ചി എന്നിവ ഗ്രേറ്റ് ചെയ്തതും മാവ് മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് പാലും മുട്ടയും ചേർക്കുക. ദോശ മാവിന്റെ പരുവത്തിൽ വേണം മാവ് മിശ്രിതം തയാറാക്കാൻ. മിശ്രിതം 10 മിനിട്ട് റസ്റ്റ് ചെയ്യാൻ വെക്കുക. ഇതിനിടയിൽ, ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി കുറച്ച് എണ്ണ തേയ്ക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മിശ്രിതം പാനിൽ വൃത്താകൃതിയിൽ പരത്തുക. തീ കുറച്ച് വെച്ച് വേണം ഇത് പാകം ചെയ്യാൻ. രണ്ട് വശങ്ങളും ഇടയ്ക്കിടെ അമർത്തി കൊടുക്കുക. സ്വർണ നിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.
ചട്ണി ഉണ്ടാക്കാൻ തൈര് ഒഴികെയുള്ള എല്ലാ ചേരുവകളും പൊടിക്കുക. പിന്നീട് അതിൽ തൈര് ചേർത്ത് ശരിയായി ഇളക്കുക.
എപ്പോൾ കഴിക്കാം
വെജിറ്റബിൾ പാൻകേക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം അല്ലെങ്കിൽ ടിഫിൻ, ലഘുഭക്ഷണം എന്നിവയ്ക്ക് അനുയോജ്യമാണ്. വളരെ എളുപ്പത്തിൽ നിങ്ങളുടെ അടുക്കളയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാവുന്നതാണ്.
ഗുണങ്ങൾ
വെജിറ്റബിൾ പാൻകേക്കിൽ പ്രോട്ടീൻ, എല്ലാത്തരം ധാതുക്കൾ, വിറ്റാമിനുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കൊവിഡ് രോഗിയുടെ സാധാരണ ഭക്ഷണക്രമത്തിൽ കുറവുണ്ടാകാനിടയുള്ള പ്രോബയോട്ടിക്സും നാരുകളും ഇതിലുണ്ട്. ഈ പാചകത്തിൽ മുട്ട, കടലമാവ്, തൈര്, പാൽ എന്നിവയിൽ നിന്നുള്ള ധാരാളം പ്രോട്ടീനും പച്ചക്കറികളിൽ നിന്നുള്ള പോഷകങ്ങളും ഉണ്ട്. കുരുമുളക്, മഞ്ഞൾ, ജീരകം, എള്ള്, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്ന പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടമാണ് തൈര്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here