Advertisement

ഭക്ഷണം/മരുന്ന് വിതരണം മാത്രമല്ല, കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരവും നിർവഹിച്ച് കൊച്ചിയിലെ ഒരു ബാങ്ക്; ഇവർ കൊവിഡ് പോരാളികൾ

June 4, 2021
Google News 1 minute Read
how edappally cooperative bank is fighting covid pandemic

രണ്ടാം കൊവിഡ് തരം​ഗം രൂക്ഷമായതോടെ ജനസൗഹാർദപരമായ ഇടപെടലുകളിൽ നിന്നെല്ലാം അകന്നുമാറി ലോകമെമ്പാടുമുള്ള മുൻനിര ബാങ്കുകളെല്ലാം തങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ, എറണാകുളം ജില്ലയിലെ ഒരു കൊച്ചു ബാങ്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്.

വായ്പാ സൗകര്യം വിപുലമാക്കിയോ, മറ്റ് സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടോ അല്ല. മറിച്ച് പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത ചില വസ്തുക്കൾ ജനങ്ങൾക്കായി നൽകിക്കൊണ്ട്….സ്നേഹം, കരുതൽ, സഹായം….ഇത് ഇടപ്പള്ളി സഹകരണ ബാങ്കിലെ ഒരു കൂട്ടം മനുഷ്യത്വം വറ്റാത്ത മനുഷ്യരുടെ കഥ…

2018 ലെ പ്രളയ കാലത്താണ് ഇടപ്പള്ളി സഹകരണ ബാങ്ക്, ജനങ്ങൾക്ക് വേണ്ടി ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. അന്ന് വളരെ കുറച്ച് പേർ മാത്രമായിരുന്നു ഈ സേവനത്തിൽ ബാങ്കിനൊപ്പം ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ നാനാദിക്കുകളിൽ നിന്നുയരുന്ന ജനങ്ങളുടെ ആവശ്യങ്ങളും, സഹായത്തിനായുള്ള വിളികൾക്കും ഓടിയെത്താനായി സംഘം വിപുലീകരിച്ചു.

ഇന്ന് ഈ പത്തം​ഗ സംഘം പൊതുജനങ്ങൾക്കായി ചെയ്യാത്തതായി ഒന്നും തന്നെയില്ല. ഭക്ഷണ വിതരണം, മരുന്ന് വിതരണം, ആശുപത്രിയിൽ എത്തിക്കൽ, വീട് അണുവിമുക്തമാക്കൽ, തുടങ്ങി കൊവിഡ് ബാധിതരുടെ ശവസംസ്കാരം വരെ തെല്ലൊരു ആശങ്കയോ, ഭയമോ കൂടാതെ ഇവർ ചെയ്യുന്നു. ഈ സംഘത്തിൽ സർക്കാരിന്റെ അം​ഗീകാരം കിട്ടിയ സെൽഫ് ഡിഫൻസ് വോളണ്ടിയർമാരടക്കം ഉൾപ്പെട്ടിട്ടുണ്ട്.

പലപ്പോഴും കൊവിഡ് രോ​ഗികളെ അകറ്റുന്ന പ്രവണതയാണ് സമൂഹത്തിൽ കണ്ടുവരുന്നതെന്ന് സന്നദ്ധ സേവന സംഘത്തിലെ അം​ഗം ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ ഈ സംഘത്തിലുള്ളവർക്ക് ആർക്കും അത്തരം ആകുലതകളോ ഭയമോ ഇല്ല.

ജനങ്ങൾക്ക് വേണ്ടി രാപ്പകലില്ലാതെ ഓടി നടക്കുന്ന ഇവർക്ക് എന്നാൽ ചിലപ്പോഴെങ്കിലും ജനങ്ങളിൽ നിന്ന് ദുരനുഭവവും ഉണ്ടായിട്ടുണ്ട്.

അടുത്തയാഴ്ച മുതൽ സൗജന്യമായി ഓൺലൈനിലൂടെ യോ​ഗ ക്ലാസുകൾ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് ഈ സംഘം. ബാങ്കിന് പറയത്തക്ക വരുമാനമോ, വളർച്ചയോ ഇല്ല. ബാങ്ക് നേരിടുന്ന പ്രതിസന്ധിക്കിടയിലും ജനങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനം തോന്നുന്നവരാണ് ഇവർ.

ഏത് നിമിഷവും.. എന്ത് ആവശ്യത്തിനും..പ്രതിഫലമേതും പ്രതീക്ഷിക്കാതെ ഓടിയെത്താൻ കുറച്ച് പേർ. വേറെന്താണ് ഈ ദുരന്തകാലത്ത് നമുക്ക് വേണ്ടത് ? അത് തന്നെയാണ് ഈ സംഘത്തെ വേറിട്ട് നിർത്തുന്നതും….ഇവർ കൊവിഡ് പോരാളികൾ…

Story Highlights: edappally cooperative bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here