Advertisement

വേമ്പനാട് കായലിന്റെ കാവലാൾക്ക് തായ്‌വാൻ സർക്കാരിൻറെ ആദരം

June 4, 2021
Google News 0 minutes Read

വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എൻ.എസ്. രാജപ്പനെ തേടിയെത്തിയത് തായ്‌വാൻ സർക്കാരിൻറെ ആദരം. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത രാജപ്പൻ വേമ്പനാട്ട് കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്.

തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം. സമൂഹ മാധ്യമങ്ങളിലൂടെയാണ്, കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പൻ ചേട്ടനെ ലോകം അറിയുന്നത്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു.

14 വ‌ഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തുച്ഛമായ വരുമാനമേ ഉളളൂവെങ്കിലും വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്തോഷമെന്ന് രാജപ്പൻ പറയുന്നു.

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹാം മാത്രമാണ് രാജപ്പനുള്ളത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു.

ആരുമറിയാതെ പോയ തൻറെ ജീവിതം ലോകം മുഴുവൻ അറിഞ്ഞ് തായ്‌വാൻ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രശംസ പിടിച്ചു പറ്റിയ രാജപ്പൻ ചേട്ടന് ചെറിയൊരു ആഗ്രഹമെന്നത് കുപ്പികൾ പെറുക്കാൻ വലിയൊരു വള്ളവും അന്തിയുറങ്ങാൻ ഒരു വീടും എന്നതായിരുന്നു.

ബോബി ചാരിറ്റിബിൾ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നൽകി. ബോബി ചെമ്മണൂർ നേരിട്ട് എത്തിയാണു സഹായം നൽകിയത്. ബി.ജെ.പി. നേതാവ് പി.ആർ. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നൽകിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പൻ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പൻ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here