നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. ഛത്തീസ്ഗഡ് എംഎൽഎ ബ്രിജ്മോഹൻ അഗർവാൾ ആണ് വിവാദ പ്രസ്താവന നടത്തിയത്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.
“നാണയപ്പെരുപ്പം രാജ്യത്തിന് ആപത്താണെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കലും കുടിക്കലും നിർത്തണമെന്നാണ് എനിക്ക് തോന്നുന്നത്. അവർ ഭക്ഷണം നിർത്തുകയും പെട്രോൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യട്ടെ. കോൺഗ്രസുകാരും അവർക്ക് വോട്ട് ചെയ്തവരും ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാണയപ്പെരുപ്പം കുറയും.”- അഗർവാൾ പറഞ്ഞു.
പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനെ എതിർക്കുന്നവരോട് രാജ്യം വിടാൻ അവശ്യപ്പെടുന്ന കാലം വിദൂരമല്ല എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനു പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞ് അഗർവാൾ രംഗത്തെത്തി. കോൺഗ്രസ് നേതാവാണ് നാണയപ്പെരുപ്പം ദേശീയ ദുരന്തമാണെന്ന് പറഞ്ഞത്. അതുകൊണ്ട് ആക്ഷേപഹാസ്യം എന്ന നിലയിലാണ് താൻ കോൺഗ്രസുകാരോട് ഭക്ഷണം കഴിക്കരുതെന്നും പെട്രോൾ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടതെന്നും അഗർവാൾ വിശദീകരിച്ചു.
Story Highlights: Quit Food If Inflation National Calamity BJP MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here