ഒന്നിച്ചുറങ്ങുന്ന കാട്ടാനക്കൂട്ടം: താണ്ടിയത് 500 കിലോമീറ്റർ, വരുത്തിയത് കോടികളുടെ നാശനഷ്ടം

മനുഷ്യനായാലും മൃഗങ്ങളായാലും നീണ്ട യാത്രയ്ക്ക് ശേഷം സുഖമായ ഒരു ഉറക്കം നിർബന്ധമാണ്. ഇത്തരത്തിൽ അഞ്ഞൂറിലധി കം കിലോമീറ്ററുകൾ നീണ്ട യാത്ര നടത്തിയ ശേഷം സുഖമായി ഉറങ്ങുന്ന ഒരു സംഘം കാട്ടാനകളുടെ ചിത്രങ്ങളാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. കൂട്ടംകൂടിയുള്ള അവയുടെ ഉറക്കം കണ്ടാൽ ആരുടെയും മനസ്സലിയും എന്ന് പ്പാണ്. എന്നാൽ ഇവർ കാണുന്നത്ര നിസ്സാരക്കാരല്ല. ഏപ്രിൽ 16ന് ഒരു വന്യജീവി സങ്കേതത്തിൽ നിന്നും പുറത്തുചാടിയ 15 അംഗ സംഘമാണിത്.
യാത്രാക്ഷീണം തീർക്കാൻ തുമ്പിക്കൈയും കാലുകളും ഒക്കെ വിസ്തരിച്ചുവച്ചാണ് ആനകളുടെ കിടപ്പ്. കൂട്ടത്തിലെ കുട്ടിയാനകളാവട്ടെ മുതിർന്നവയുടെ കാലുകളിലും ശരീരത്തിലുമൊക്കെയായി പറ്റിച്ചേർന്നു കിടക്കുന്നതും കാണാം. വനമേഖലയിലെ പുൽമേട്ടിലാണ് കാട്ടാനക്കൂട്ടം വിശ്രമിക്കുന്നത്.

സങ്കേതത്തിൽനിന്നും പുറത്തുചാടിയ ശേഷം ഇവ കൃത്യമായ നിരീക്ഷണവലയത്തിൽ തന്നെയാണ്. വലിയ സംഘമായതിനാൽ ഇവ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ റോഡുകൾ ബ്ലോക്ക് ചെയ്തിരുന്നു. നഗരത്തിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങാതെ വഴിതിരിച്ചുവിടുന്നതിനായി 18 ടൺ പൈനാപ്പിളും കോണുമെല്ലാം പലഭാഗത്തായി ഇടുകയും ചെയ്തു.
എന്നാൽ ഇതൊന്നും വകവയ്ക്കാതെ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയിരുന്നു. വെള്ളവും ഭക്ഷണവും തേടി കൃഷിയിടങ്ങളും അവ നശിപ്പിച്ചു. വീടുകളുടെ ജനാലകളിൽ കൂടി തുമ്പിക്കൈ ഉള്ളിലേക്ക് കടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിരത്തിലിറങ്ങി സ്വൈര്യവിഹാരം നടത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആകെ ഏഴ് കോടിക്കു മുകളിൽ നാശനഷ്ടം കാട്ടാനക്കൂട്ടം ഇതുവരെ ഉണ്ടാക്കിയതാണ് കണക്ക്. നിലവിൽ കുൻമിങ്ങ് എന്ന പ്രദേശത്തിന് സമീപമാണ് കാട്ടാനക്കൂട്ടമുള്ളത്.

നിരവധി വാഹനങ്ങളിലായി 410 സുരക്ഷാ ഉദ്യോഗസ്ഥരും 14 ഡ്രോണുകളും കാട്ടാനകളുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും കാട്ടാനകളെ പ്രകോപിപ്പിക്കുന്ന തരത്തിൽ യാതൊരു പ്രവർത്തികളും ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആനകൾക്ക് ഏറ്റവുമധികം സംരക്ഷണം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അതിനാൽ കാട്ടാനക്കൂട്ടത്തെ കൊന്നൊടുക്കാനുള്ള മാർഗങ്ങളൊന്നും അധികൃതർ സ്വീകരിക്കില്ല. മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചാലും കുട്ടിയാനകളെ ഒഴിവാക്കി മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കു എന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
നിരവധി പേരാണ് ഈ ആനക്കൂട്ടത്തിൻറെ വിഡിയോകളും ചിത്രങ്ങളും സമൂഹ മദ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോൾ ഉറങ്ങുന്ന ആന കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പ്രവീൺ കസ്വാൻ ആണ് തന്റെ ട്വിറ്റർ ഹാൻഡിൽ വീഡിയോ പങ്കിട്ടത്. വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രവീൺ കസ്വാൻ എഴുതി, “ഉറങ്ങുന്ന ഈ ആന കുടുംബമാണ് ഇന്ന് ഇന്റർനെറ്റിലെ ഏറ്റവും മികച്ച കാര്യം”. ആനകൾ ഉറങ്ങുന്നതിന്റെ ആകാശ കാഴ്ചയാണ് അദ്ദേഹം പങ്കിട്ട വീഡിയോയിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here