ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍; മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കാന്‍ പദ്ധതി

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് ഇന്റെര്‍നെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചത്. ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
കൂടാതെ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നാല് ദിവസത്തിനകം പദ്ധതി രൂപരേഖ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സാധ്യമായ മേഖലകളില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമുണ്ടായതോടെ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണമായും കടക്കൂ എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: online education, network connectivity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here