Advertisement

ഇന്ത്യൻ വംശജയ്ക്ക് പുലിറ്റ്സർ പുരസ്‌കാരം; വൈറലായി അച്ഛൻ അയച്ച സന്ദേശം

June 13, 2021
Google News 2 minutes Read

ഏതൊരു കുട്ടിയോടു ചോദിച്ചാലും, ഒരു അപരിചിതനിൽ നിന്ന് പ്രശംസ നേടുന്നത് അവരുടെ സ്വന്തം മാതാപിതാക്കളുടെ പ്രശംസ നേടുന്നതിനേക്കാൾ വളരെ എളുപ്പമാണെന്ന് അവർ നിങ്ങളോട് പറയും. പുലിറ്റ്‌സർ പുരസ്‌കാരം പോലെയുള്ള ഏറ്റവും അഭിമാനകരമായ അവാർഡ് നേടിയാൽ പോലും മികച്ച പ്രതികരണം ലഭിക്കില്ല. അവാർഡ് നേടിയ ഇന്ത്യൻ വംശജയായ ജേണലിസ്റ്റ് മേഘ രാജഗോപാലന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് വെള്ളിയാഴ്ചയാണ് പുലിറ്റ്സര്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വംശജയെ തേടി യു.എസ്സി.ലെ തന്നെ ഏറ്റവും വലിയ മാധ്യമപുരസ്കാരമായ പുലിറ്റ്സര്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ തടങ്കല്‍പ്പാളയങ്ങളില്‍ ഉയ്ഗറുകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് മേഘയ്ക്കും കൂടെ പ്രവർത്തിച്ച രണ്ട്‌ പേർക്കും പുരസ്‌കാരം ലഭിച്ചത്.

അവാർഡ് പ്രഖ്യാപിക്കുകയും ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ മേഘയെ തേടിയെത്തുകയും ചെയ്തപ്പോൾ, മേഘ തന്റെ അച്ഛനുമായുള്ള സംഭാഷണത്തിന്റെ ഒരു സ്ക്രീൻഷോട്ട് പങ്കിട്ടു. പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് അച്ഛനയച്ച സന്ദേശമാണ് അതില്‍. ‘പുലിറ്റ്സര്‍ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍ മേഘ, അമ്മയിപ്പോഴാണ് വിവരം പറഞ്ഞത്. വെല്‍ഡണ്‍’ എന്നായിരുന്നു സന്ദേശം. ‘അണ്ടര്‍സ്റ്റേറ്റഡ് ഇന്ത്യന്‍ ഡാഡ് റിയാക്ഷന്‍’ എന്ന ക്യാപ്ഷനോടെയാണ് മേഘ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതോടെ ട്വീറ്റ് വൈറലാവുകയും ധാരാളം കമെന്റുകൾ വരികയും ചെയ്തു. പൊതുവെ ഇന്ത്യൻ മാതാപിതാക്കൾക്ക് മക്കളെ അഭിനന്ദിക്കാൻ മടിയാണെന്ന് മിക്കവാറും പറയാറുണ്ട്. ഒരാൾ ഇതിന് കുറിച്ച കമന്റ് രസകരമായിരുന്നു, ഇനി മകൾ നൊബേല്‍ പുരസ്കാരം വാങ്ങണമായിരിക്കും’ എന്നാണ് കുറിച്ചത്. ഏതായാലും മേഘ സ്ക്രീന്‍ഷോട്ട് പങ്കുവച്ചതോടെ ഇന്ത്യന്‍ വംശജയ്ക്ക് പുലിറ്റ്സര്‍ പുരസ്കാരം എന്നതിലും കവിഞ്ഞ് ഇന്ത്യന്‍ മാതാപിതാക്കളുടെ അഭിനന്ദനപ്രകടനങ്ങൾ എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള ചർച്ചകളാണുയർന്നത്.

നീൽബേദിക്കും പുരസ്‌കാരം

പ്രാദേശിക റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ നീല്‍ ബേദിയും പുലിറ്റ്സർ പുരസ്കാരത്തിന് അര്‍ഹനായി. ഫ്ലോറിഡയില്‍ കുട്ടികളെ കണ്ടെത്താനായി എന്‍ഫോഴ്സ്മെന്‍റ് അധികാരികള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിനാണ് ബേദിക്ക് പുരസ്കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here