ഗാല്‍വന്‍ സംഘര്‍ഷം നടന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വനില്‍ 20 ഇന്ത്യന്‍ ധീര സൈനികര്‍ വീരമൃത്യു വരിച്ച് ഇന്നേയ്ക്ക് ഒരു വര്‍ഷം. ചൈനീസ് കടന്നു കയറ്റം തടയുന്നതിനിടെയാണ് കേണല്‍ ബി സന്തോഷ് ബാബു അടക്കമുള്ള വീരസൈനികര്‍ പിഎല്‍എയുടെ കിരതമായ ആക്രമണത്തില്‍ രക്ത സാക്ഷികളായത്. ലോകം മഹാമാരിയുടെ മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അന്ന് ചൈന അവസരം മുതലെടുക്കാന്‍ ഇറങ്ങി.
2020 മെയ് ആദ്യവാരം കിഴക്കന്‍ ലഡാക്കില്‍ പുതിയ സംഘര്‍ഷമുഖം തുറന്നു. അഞ്ച് പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം ഏറ്റുമുട്ടി. പിന്നീട് സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നു.
2020 ജൂണ്‍ 15ന് പൂര്‍വ സ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ധാരണ തെറ്റിച്ച ചൈനീസ് സൈന്യം പട്രോളിംഗ് പോയിന്റ് 14ന് സമീപം ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. ചോദ്യം ചെയ്ത ഇന്ത്യയുടെ പട്രോളിംഗ് സംഘത്തെ ചീനിപ്പട പ്രകോപിപ്പിച്ചു. സമാധാന ചര്‍ച്ചക്കെത്തിയ 16 ബിഹാര്‍ റജിമെന്റ് കമന്റിംഗ് ഓഫിസര്‍ കേണല്‍ ബി സന്തോഷ് ബാബുവിനെ ചൈനീസ് സൈന്യം നേരിട്ടത് മുള്ളു കമ്പികള്‍ ചുറ്റിയ ദണ്ഡുകളുമായാണ്. പിന്നീടുള്ള മൂന്നു മണിക്കൂറുകളില്‍ ബിര്‍സമുണ്ട, ബാജ്രഗ്ബലി മുദ്രാവാക്യങ്ങള്‍ താഴ്‌വരയെ വിറപ്പിച്ചു.
കില്ലര്‍ മെഷീന്‍ എന്ന വിളിപ്പേരുള്ള ബുഹാര്‍ റെജിമെന്റിന്റെയും ഘതക് കമാന്‍ഡോകളുടെയും കൈചൂടും ഗാല്‍വന്‍ നദിയിലെ തണുപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിഞ്ഞു. പടയുടെ വലിപ്പമല്ല, സൈനികന്റെ പോരാട്ട വീര്യമാണ് വിജയവും നിശ്ചയിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ സൈന്യം തെളിയിച്ചു.
45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ആള്‍നാശമുണ്ടായത്. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 20 വീരയോദ്ധാക്കളെയാണ്. ചൈനയ്ക്ക് 45ഓളം പേരെയും നഷ്ടപ്പെട്ടു. രക്ത സാക്ഷികള്‍ക്ക് ഇന്ത്യ വീരോചിത യാത്രാമൊഴി നല്‍കിയപ്പോള്‍ സൈനികരുടെ മരണം പോലും ചൈന മറച്ചുവച്ചു. സ്വന്തം സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന തുറന്നുപറഞ്ഞത് തന്നെ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ്. ഒരു വര്‍ഷത്തിനിപ്പുറവും താഴ്‌വരയില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല…
Story Highlights: galwan attack, india- china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here