24
Jul 2021
Saturday

‘ഞാന്‍ ഒരുത്തനെ വെടിവച്ചിട്ടാണ് വരുന്നത്’: കേസായപ്പോള്‍ ആ വീരവാദം തള്ളിപ്പറയുകയായിരുന്നു; ഇതാണ് സുധാകരന്റെ സ്വഭാവമെന്ന് എംവി ജയരാജന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നുള്ള സുധാകരന്റെ പ്രസ്താവന വീരവാദമാണെന്നും അദ്ദേഹം പറഞ്ഞു.

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും;
2017 ല്‍ ഡിസിസി പ്രസിഡന്റായിരുന്ന പി.രാമകൃഷ്ണന്‍ ഡിസിസി ഓഫീസില്‍ കയറാന്‍ കഴിയാതെ സുധാകര ഗുണ്ടാസംഘം തടഞ്ഞുവച്ചപ്പോള്‍ ഡിസിസി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ നിസ്സഹായനായി ഇരിക്കേണ്ടി വന്നത് ജനങ്ങള്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന പി.ആര്‍ എന്ന് കോണ്‍ഗ്രസുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന കോണ്‍ഗ്രസ് നേതാവ് മുതല്‍ മരണപ്പെട്ട ഡിസിസി അംഗം പുഷ്പരാജ് വരെയുള്ളവര്‍ വെളിപ്പെടുത്തിയ നിരവധി കാര്യങ്ങളുണ്ട് കെ.സുധാകരനെപ്പറ്റി.

സുധാകരന്‍ വീരവാദം മുഴക്കുന്നതില്‍ ഗവേഷണം നടത്തി ജേതാവായ ആളാണ്. അങ്ങനെയൊരു വീരവാദമാണ് ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.അത്തരമൊരു വെളിപ്പെടുത്തല്‍ അക്കാലത്ത് സുധാകരന്‍ നടത്തിയ വിവിധ തെറ്റായ നടപടികളുടെ കൂമ്പാരമാണ് പുറത്തേക്ക് വന്നത്.

പി.രാമകൃഷ്ണന്‍ വെളിപ്പെടുത്തിയ ഏതാനും ചില കാര്യങ്ങള്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിട്ടുണ്ട്. ‘പണമുണ്ടാക്കാനാണ് സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പലരേയും കൊന്ന് പണമുണ്ടാക്കിയിട്ടുണ്ട്. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം പുഷ്പരാജന്റെ കാല് അടിച്ചു മുറിച്ചത് സുധാകര ഗുണ്ടാസംഘമാണ്. കണ്ണൂരിലെ പല അക്രമസംഭവങ്ങള്‍ക്ക് പിന്നിലും സുധാകരന്റെ പങ്കുണ്ട്. കോണ്‍ഗ്രസില്‍ അക്രമസംസ്‌കാരം കൊണ്ടുവന്നത് സുധാകരനാണ്. രക്തസാക്ഷി കുടുംബസഹായ ഫണ്ട് പിരിച്ച് കുടുംബങ്ങള്‍ക്ക് നല്‍കിയില്ല. സുധാകരന്‍ അലഞ്ഞു തിരിയുന്ന റാസ്‌കല്‍ ആണ്. ഗുണ്ടാനേതാവായിട്ടാണ് അറിയപ്പെടുന്നത്.എന്നാല്‍ സിപിഐഎമ്മിന്റെ മുന്നില്‍ ഭീരുവാണ്. കോണ്‍ഗ്രസിനെ സുധാകരന്‍ നാശത്തിലേക്കാണ് നയിക്കുന്നത്. സംസ്ഥാന നേതൃത്വം സുധാകരന്റെ മുമ്പില്‍ ഭയക്കുകയാണ്.സത്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു ഭയവുമില്ല.’

ഈ വെളിപ്പെടുത്തല്‍ മൂലം പി.രാമകൃഷ്ണന് ഡിസിസി പ്രസിഡന്റ് സ്ഥാനമാണ് നഷ്ടമായത്. ജീവിച്ചിരിക്കുന്ന കെപിസിസി അംഗം മമ്പറം ദിവാകരന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ ഒന്നിച്ച് ചേര്‍ത്ത് വെക്കണം.’എന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അദ്ധ്യക്ഷന്‍ ആക്കണമെന്ന് പറയില്ല. ഡിസിസി ഓഫീസിന് വേണ്ടി കോടികള്‍ പിരിച്ചിരുന്നു. ഒമ്പത് വര്‍ഷമായിട്ടും ഓഫീസിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ആയില്ല. ചിറക്കല്‍ രാജാസ് സ്‌കൂള്‍ വിലക്ക് വാങ്ങാന്‍ കരുണാകരന്‍ പ്രശ്‌നമുണ്ടാക്കി വിദേശത്ത് നിന്ന് അടക്കം 30 കോടിയിലേറെ പിരിച്ചു. ആ പണം എന്ത് ചെയ്തു? എന്നെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വധിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ വഞ്ചന മാത്രം കൈമുതലാക്കിയ ഒരു നേതാവാണ് കെ.സുധാകരന്‍’. കരുണാകരന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയാണ് സ്‌കൂള്‍ വാങ്ങാന്‍ കോടികള്‍ പിരിച്ചതെങ്കില്‍ അന്നത്തെ ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയ്ക്ക് സുധാകരന്‍ നല്‍കിയ കത്ത് പുറത്ത് വന്നപ്പോള്‍ അതില്‍ പറയുന്നത് ഒരു സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്തു തരണമെന്നാണ്. അപ്പോള്‍ കോടികള്‍ പിരിച്ചത് സ്വന്തമായി തട്ടിയെടുക്കാനായിരുന്നു.

പുഷ്പരാജും പ്രശാന്ത് ബാബുവും വെളിപ്പെടുത്തിയ കാര്യങ്ങള്‍ അക്കാലത്തെ സുധാകര ഗുണ്ടാപ്പടയുടെ ചെയ്തികളെക്കുറിച്ചായിരുന്നു. ഇത്തരം ‘ഗുണവിശേഷങ്ങള്‍’ ഉടമയായ ആള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ എത്തിയപ്പോള്‍ അല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുടപിടിക്കും എന്നത് പോലെയായി മാറി. അതാണ് ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന വീരവാദത്തിന് അടിസ്ഥാനം’. എം വി ജയരാജന്‍ പറഞ്ഞു.

Story Highlights: MV Jayarajan

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top