Advertisement

ട്രെയിനുകളിൽ യാചിച്ച് കിട്ടിയ പൈസയ്ക്ക് ആദ്യ ക്യാമറ; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫോട്ടോ ജേർണലിസ്റ്റ് സോയയുടെ ജീവിതകഥ

June 20, 2021
Google News 2 minutes Read

മുംബൈ ലോക്കൽ ട്രെയിനുകളുമായുള്ള അവളുടെ ബന്ധം വളരെ സ്വതസിദ്ധമാണ്, ഒരു യാചകയായിട്ടായിരുന്നു അവളുടെ യാത്ര ആരംഭിച്ചത്, കൂടുതലും ലേഡീസ് കമ്പാർട്ടുമെന്റിലയിരുന്നു അവൾ കയറിയിരുന്നത്. അവസാനം അവളുടെ ആ യാത്ര ചെന്നെത്തിയത് ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫോഡ് ജേർണലിസ്റ്റ് എന്ന വിശേഷണത്തിലായിരുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയാണ് സോയ എന്ന ഇരുപത്തിയേഴുകാരിയുടെ ജീവിതം കടന്ന് പോയത്.

ഒട്ടും എളുപ്പമുള്ള വഴികളിലൂടെ ആയിരുന്നില്ല അവളുടെ സഞ്ചാരം. മുംബൈയിലെ മാഹിം കപഡ് ബസാറിലാണ് അവൾ വളർന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചതിനാൽ അമ്മയ്ക്ക് രണ്ട് മക്കളെ വളർത്തുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ്സിൽ സോയ പഠനം നിർത്തി.

പതിനൊന്ന് വയസായപ്പോഴാണ് സോയ തൻ മറ്റ് ആൺകുട്ടികളെ പോലെയല്ലായെന്ന് തിരിച്ചറിയുന്നത്. എന്നാൽ വഴക്കും കളിയാക്കലുകളും ഭയന്ന് അവളത് ആരെയും അറിയിച്ചില്ല. പക്ഷേ, മാഹിമിന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറിയപ്പോള്‍ അവള്‍ കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ഗേ ആണ് എന്ന് പറയാനുള്ള ധൈര്യവുമുണ്ടായി.

സോയ പകർത്തിയ ചിത്രം

പതിനേഴാം വയസിലാണ് തന്റെ ഗുരുവായ സല്മയെ സോയ കണ്ടു മുട്ടുന്നത്. സൽ‍മ ആയിരുന്നു സോയയെ ട്രാൻസ്ജെൻഡറായി അംഗീകരിച്ച ആദ്യ വ്യക്തി. സൽ‍മ വഴി അവരുടെ കൂട്ടത്തിലുള്ള മറ്റുള്ളവരെ സോയ പരിചയപെട്ടു. പെട്ടെന്ന് തന്നെ അവളും അവരിലൊരാളായി മാറി. സല്‍മ അവളെ അവരുടെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിപ്പിച്ചു.

ആദ്യമായി ട്രെയിനിൽ യാചിക്കാൻ പോയ ദിവസം സോയ ഇപ്പോളും ഓർക്കുന്നുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കൊപ്പമാണ് സോയ എന്നറിഞ്ഞ ‘അമ്മ അവൾ ലൈംഗികത്തൊഴിലാളിയാകുമോ എന്ന് ഭയപ്പെട്ടിരുന്നു. ആദ്യ ദിവസം സോയ യാചിക്കാൻ കയറിയ ട്രെയിനിൽ അവളെ നിരീക്ഷിക്കാനായി അമ്മയും കയറി. താൻ പണത്തിനായി യാചിക്കുമെന്നും സ്വയം വിൽക്കില്ലെന്നും അവൾ അമ്മയ്ക്ക് ഉറപ്പ് നൽകി. എന്നാൽ യാചിക്കുന്നത് കണ്ട് ഒരു മാസത്തേക്ക് അമ്മ അസ്വസ്ഥയായിരുന്നു. ഒരു മാസത്തിന് ശേഷം അമ്മ അവളെ അംഗീകരിച്ചു. ‘ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് ആരും തൊഴില്‍ നല്‍കില്ല. ഭക്ഷണം കഴിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെയാവുമ്പോഴാണ് യാചിക്കുന്നത്’ എന്ന് സോയ പറയുന്നു.

2016 ൽ സോയയുടെ അമ്മ മരിച്ചു. 2018 വരെ സോയ യാചന തുടർന്നു. പോലീസിനെ ഭയന്നായിരുന്നു അവൾ യാചന തുടർന്നിരുന്നത്, അവർ കണ്ടാൽ 1200 രൂപ പിഴ നൽകേണ്ടി വരും. ട്രെയിനിലെ ഈ സമയത്ത് ആകെ കഴിക്കുന്നത് വടപാവോ മറ്റോ ആണ്. വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് നല്ല ആഹാരം കഴിച്ചിരുന്നത്. ചില ദിവസങ്ങളില്‍ 1500 രൂപ വരെ കിട്ടും ചിലപ്പോള്‍ 500-800 ഒക്കെയാവും കിട്ടുന്നത്. പത്ത് വര്‍ഷത്തോളം ഈ യാചിക്കല്‍ തുടര്‍ന്നു.

ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ സോയ ശ്രദ്ധ നേടുന്നത് 2020 ലാണ്. ഒരിക്കല്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ബാന്ദ്രാ സ്റ്റേഷന് പുറത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് കണ്ടു. അവള്‍ വീട്ടിലേക്ക് ഓടിച്ചെന്ന് ക്യാമറയുമായി വന്നു. ആ ചിത്രങ്ങളെടുത്തു. അത് വലിയ പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു. അന്നാണ് അവളുടെ പേര് ആദ്യമായി ആ പ്രസിദ്ധീകരണങ്ങള്‍ കേള്‍ക്കുന്നത്.

2018 -ല്‍ യൂട്യൂബിൽ ‘ഹിജ്‌റ ഷാപ് കി വർദാൻ പാർട്ട് 1’ കണ്ടുകൊണ്ടിരിക്കെ ഒരുദിവസം ചില കൃത്യതയില്ലായ്മ അവൾ കമന്റായി ചേർത്തു. ഇത് ചിത്രത്തിന്റെ തുടർച്ചയിൽ അഭിനയിക്കാനും അവളുടെ പ്രകടനത്തിന് ഒരു അവാർഡ് ലഭിക്കാനും കാരണമായി. ‘സിനിമാമേഖല പലപ്പോഴും പുരുഷന്മാരെ വേഷം കെട്ടിച്ചാണ് ട്രാന്‍സ്ജെന്‍ഡറായി അവതരിപ്പിക്കുന്നത്. അതിന് പകരം എത്രയോ തൊഴിലില്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ ആളുകളുണ്ട്’ എന്ന അവളുടെ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അവളുടെ സിനിമയ്ക്ക് യൂട്യൂബില്‍ നാല് മില്ല്യണ്‍ കാഴ്ചക്കാരുണ്ടായി. ഒരു പ്രാദേശിക കോളേജ് മീഡിയ ഏജൻസിയുടെ ഒരു പ്രതിനിധി അവളുടെ പ്രസംഗം കേട്ട് അവളെ ശ്രദ്ധിച്ചു. ആ വർഷം അവസാനം അവൾക്ക് ഒരു റിപ്പോർട്ടറുടെ ജോലി വാഗ്ദാനം ചെയ്തു.

സോയ പകർത്തിയ ചിത്രം

അപ്പോഴും പ്രസ് കാർഡ് കൊണ്ട് എന്ത് ചെയ്യണമെന്ന് അവൾക്ക് അറിവില്ലായിരുന്നു. അവള്‍ യാചിക്കുന്നത് തുടര്‍ന്നു. അങ്ങനെ 30,000 രൂപ സ്വരുക്കൂട്ടി അവളൊരു സെക്കന്‍ഡ്ഹാന്‍ഡ് ക്യാമറ വാങ്ങി. പിന്നീട് 2019 ൽ, പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടത് അവളെ ശരിയായ പാതയിലേക്ക് നയിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ അവരുടെ തുല്യ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ‘പിങ്ക് റാലി’യുടെ ചിത്രം പകര്‍ത്തിയത് ഇ.പി‌.എ.യുടെ (യൂറോപ്യൻ പ്രസ്ഫോട്ടോ ഏജൻസി) സീനിയർ ഫോട്ടോ ജേണലിസ്റ്റ് ദിവ്യകാന്ത് സോളങ്കി ശ്രദ്ധിച്ചു. അദ്ദേഹം അവളെ ഫോട്ടോജേണലിസത്തിന്‍റെ സൂക്ഷ്മതയെ കുറിച്ച് ബോധ്യപ്പെടുത്തി.

വൈല്‍ഡ് ലൈഫ് ഫോട്ടോകളും മഹാമാരിക്കാലത്തെ ചിത്രങ്ങളുമടക്കം നിവധി ചിത്രങ്ങൾ അവളുടെ ക്യാമറ കണ്ണുകൾ പകർത്തിയിട്ടുണ്ട്. നേരത്തെ അവള്‍ ട്രാന്‍സ്ജെന്‍ഡറാണ് എന്ന് അറിഞ്ഞ് അകന്നുപോയ സഹോദരിപോലും ഇന്ന് അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്നാൽ ഇപ്പോളും അവൾ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകാനാഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ശരിയായ മാറ്റം വരുത്തണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ ആരാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നും അവള്‍ പറയുന്നു. ഭാവിയിലെങ്കിലും ട്രാന്‍സ് ആളുകള്‍ അവരുടെ വീട്ടില്‍ നിന്നും അകറ്റപ്പെടില്ലാ എന്ന് പ്രതീക്ഷിക്കുന്നുവെന്നും സോയ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here