Advertisement

‘വനിതാ ടെസ്റ്റ് ക്രിക്കറ്റിലും അഞ്ച് ദിവസം വേണം’; ആവശ്യവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

June 21, 2021
Google News 2 minutes Read
Heather Knight women’s Test

വനിതാ ക്രിക്കറ്റ് ടെസ്റ്റിലും അഞ്ച് ദിവസം വേണമെന്ന ആവശ്യവുമായി ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഹെതർ നൈറ്റ്. നിലവിൽ വനിതാ ടെസ്റ്റ് നാല് ദിവസമാണ് നടക്കുക. ഇത് മാറ്റി പുരുഷ ടെസ്റ്റിലേതു പോലെ വനിതാ ടെസ്റ്റും അഞ്ച് ദിവസം ആക്കണമെന്നാണ് ഹെതർ നൈറ്റിൻ്റെ ആവശ്യം. നാല് ദിവസം മാത്രമുള്ള മത്സരം ആയതിനാൽ വനിതാ ടെസ്റ്റിൽ ഏറെ സമനിലകൾ ഉണ്ടാവുന്നുണ്ടെന്നും ഹെതർ പറഞ്ഞു.

“വളരെ നല്ല മത്സരമായിരുന്നു. പക്ഷേ, റിസൽട്ട് ഉണ്ടാവാതിരുന്നത് ദൗർഭാഗ്യകരമാണ്. വളരെ മികച്ച ഒരു റിസൾട്ടിന് സാധ്യത ഉണ്ടായിരുന്നു. ഇരു ടീമിലെയും യുവതാരങ്ങൾ നന്നായി കളിച്ചു. അഞ്ച് ദിന ടെസ്റ്റുകൾ ഉണ്ടാവണമെന്നാണ് എൻ്റെ അഭിപ്രായം. വനിതാ ക്രിക്കറ്റിൽ ഒട്ടേറെ സമനില ഉണ്ടാവുന്നുണ്ട്. ഒരു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന് റിസൽട്ട് ഉണ്ടായേനെ. അധിക ദിനം ഇല്ലാത്തതിനാൽ അതിനു കഴിഞ്ഞില്ല.”- ഹെതർ പറഞ്ഞു.

മത്സരത്തിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യയാണ് അവസാനത്തിൽ സമനില പിടിച്ചത്. ഇംഗ്ലണ്ടിൻ്റെ 369/9 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ്മയും (96) സ്മൃതി മന്ദനയും (78) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റർമാർക്ക് അത് മുതലെടുക്കാനായില്ല. അതിവേഗം വിക്കറ്റുകൾ നഷ്ടമായപ്പോൾ ഇന്ത്യ 231 റൺസിന് ഓൾഔട്ടായി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് വീണ്ടും ഷഫാലി (63) മികച്ച തുടക്കം നൽകി. ദീപ്തി ശർമ്മ (54), പൂനം റാവത്ത് (39) എന്നിവരും മികച്ച കളി കെട്ടഴിച്ചതോടെ ഇന്ത്യ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി. എന്നാൽ 2 വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിൽ നിന്ന ഇന്ത്യൻ മധ്യനിര തകർന്നടിയുകയും 199 റൺസിന് 7 വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. എന്നാൽ, 8, 9 വിക്കറ്റുകളിൽ ശിഖ പാണ്ഡെയ്ക്കും തനിയ ഭാട്ടിയയ്ക്കുമൊപ്പം അരങ്ങേറ്റ താരം സ്നേഹ് റാണ നടത്തിയ ചെറുത്തുനില്പ് ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു. എട്ടാം വിക്കറ്റിൽ ശിഖ പാണ്ഡേയുമൊത്ത് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സ്നേഹ് 9ആം വിക്കറ്റിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുമായിച്ചേർന്ന് കൂട്ടിച്ചേർത്തത് അപരാജിതമായ 104 റൺസ് ആയിരുന്നു. സ്നേഹ് റാണ (80), തനിയ ഭാട്ടിയ (44) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: Heather Knight on need of 5th day in women’s Test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here