താരനകറ്റാൻ ഇഞ്ചി കൊണ്ടൊരു പൊടിക്കൈ
എല്ലാ പ്രായക്കാരുടെയും എല്ലാക്കാലത്തേയും പരാതിയാണ് താരൻ. ഈ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് യുവാക്കളും മധ്യവയസ്‌ക്കരുമാണ്. ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില കൃത്യമായ പ്രതിവിധികളും മുന്‍കരുതലുകളുമുണ്ടെന്ന കാര്യം നാം പലപ്പോഴും ഓര്‍ക്കാറില്ലെന്ന് സാരം.
നിരവധി ഔഷധഗുണങ്ങളുള്ള ഇഞ്ചി ഒരു മികച്ച സൗന്ദര്യ സ്രോതസ്സാണ്. ഭക്ഷണമായും മരുന്നായും എല്ലാം ഇഞ്ചി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ ആന്റി മൈക്രോബയൽ ഗുണങ്ങൾ കാരണം ഇഞ്ചി നീര് മുഖത്തും തലയോട്ടിയിലും മാസ്ക് രൂപേണ പ്രയോഗിക്കുന്നത് ചർമ്മത്തിലെ തലയോട്ടിയിലും ഉണ്ടാകുന്ന അണുബാധയും ആരോഗ്യ പ്രശ്നങ്ങളും തടയാൻ സഹായിക്കും. തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ മാറ്റാൻ ഇഞ്ചികൊണ്ട് ഒരു പൊടിക്കൈ പരീക്ഷിച്ചാലോ. താരൻ അകറ്റാൻ സഹായിക്കുന്ന ഇഞ്ചി ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
- ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക.
- കഷണങ്ങളാക്കിയ ഇഞ്ചി കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക. വെള്ളത്തിന്റെ നിറം ഇളം തവിട്ടാകുമ്പോൾ തീ അണയ്ക്കുക.
- വെള്ളം അരിച്ചെടുക്കുക.
- അരിച്ചെടുത്ത ഇഞ്ചി നന്നയി പിഴിഞ്ഞ് നീരെടുക്കുക.
- ഈ നീര് തണുത്ത ശേഷം സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന എണ്ണയിൽ കലർത്തി തലയിൽ പുരട്ടാവുന്നതാണ്.
- അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.
ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ തലയിലെ താരനും അണുബാധയും കുറയും. സ്വയം ചികിത്സിക്കുന്നതിന് മുമ്പ് നല്ലൊരു ചർമ്മ രോഗ വിദഗ്ധന്റെ അഭിപ്രായം നേടുന്നത് ഉചിതമാണ്. പ്രകൃതി ദത്തമായ വഴികൾ പരീക്ഷിക്കുന്നതോടൊപ്പം തലയിൽ വിയർപ്പും പൊടിയുമടിയാതെ വൃത്തിയായി സൂക്ഷിക്കുകയും വേണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here