Advertisement

സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ സ്ത്രീകൾ മുന്നിൽ

June 23, 2021
Google News 1 minute Read
more than one crore people vaccinated in kerala

സംസ്ഥാനത്ത് 1,00,69,673 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . 26,89,731 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നൽകിയത്. 12,33,315 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വീതം നൽകിയിട്ടുണ്ട്. തുള്ളി പോലും പാഴാക്കാതെ വാക്‌സിൻ സുഗമമായി നടത്തുന്ന വാക്‌സിൻ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതൽ വാക്‌സിൻ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷൻമാരും വാക്‌സിൻ സ്വീകരിച്ചു. 1,16,41,451 ഡോസ് കൊവിഷീൽഡ് വാക്‌സിനും 11,17,931 ഡോസ് കോവാക്‌സിനുമാണ് സ്വീകരിച്ചത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളിൽ പ്രായമുള്ള 39,93,967 പേരുമാണ് വാക്‌സിനെടുത്തത്.

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാൽ ലഭ്യമായ അധിക ഡോസ് വാക്‌സിൻ പോലും ഉപയോഗപ്പെടുത്തി അതിനേക്കാൾ കൂടുതൽ പേർക്ക് വാക്‌സിനെടുക്കാൻ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്‌സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങൾ കിട്ടിയ വാക്‌സിൻ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയത്.

സംസ്ഥാനത്ത് പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് ആ ലക്ഷ്യം കൈവരിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. തിങ്കളാഴ്ച 2.62 ലക്ഷം ഡോസ് വാക്‌സിനും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്‌സിനുമാണ് നൽകിയത്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Story Highlights: more than one crore people vaccinated in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here