‘അങ്ങനെ ബോള്‍ഡായി സംസാരിക്കേണ്ട സന്ദര്‍ഭം വരും’; പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ എം.സി ജോസഫൈന്‍

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. തങ്ങളും മനുഷ്യരാണെന്നും കടന്നു പോകുന്നത് കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണെന്നുമായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞത്. കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷയോട് സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
പരാതി പറഞ്ഞ് നിരവധി സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. പല സ്ത്രീകളും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകില്ല. ഒരു സ്ത്രീക്ക് ദുരനുഭവം ഉണ്ടായാല്‍ പെട്ടെന്ന് വനിതാ കമ്മിഷന് ഓടിയെത്താന്‍ സാധിക്കില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറയും. എല്ലാ പരാതിക്കാരോടും ഇക്കാര്യം പറയാറുണ്ട്. സാധാരണക്കാരാണെങ്കിലും ആരാണെങ്കിലും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവനായും മനസിലാക്കിയല്ല പ്രതികരിക്കുന്നത്. ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡായി സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമെന്നും ജോസഫൈന്‍ പറഞ്ഞു.
ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
Story Highlights: M C Josephine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here