അരുവിക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പാര്‍ട്ടി അന്വേഷണം

അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുന്‍ പ്രസിഡന്റ് വി.കെ.മധുവിനെതിരെ സിപിഐഎം അന്വേഷണം. മുന്‍ മേയര്‍ സി. ജയന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് പാര്‍ട്ടി ജില്ലാകമ്മിറ്റി നിയോഗിച്ചു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സി.ജയന്‍ബാബുവിനു പുറമെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.സി.വിക്രമന്‍, ആര്‍.രാമു എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. അരുവിക്കരയിലെ സ്ഥാനാര്‍ഥി ജി.സ്റ്റീഫനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് വി.കെ.മധുവിനെതിരായ പരാതി.
വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലി നല്‍കിയ പരാതി പരിഗണിച്ച ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ വി.കെ.മധുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അരുവിക്കര മണ്ഡലത്തിലേക്ക് സിപിഐഎം ആദ്യം പരിഗണിച്ചിരുന്നത് വി.കെ.മധുവിനെയായിരുന്നു. ഇതുമനസിലാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം അരുവിക്കര മണ്ഡലത്തില്‍ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കുകയും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അരുവിക്കരയിലേക്ക് വി.കെ.മധുവിന്റെ പേരു തന്നെ നിര്‍ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കി. കെ.എസ്.ശബരീനാഥിനെ സ്റ്റീഫന്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വി.കെ.മധു സഹകരിച്ചില്ലെന്നാണ് ആരോപണം. സ്റ്റീഫനെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങളെന്നും ജില്ലാ നേതൃയോഗങ്ങളില്‍ കുറ്റപ്പെടുത്തലുകളുണ്ടായി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.കെ.മധുവിനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നാണ് സൂചന.
Story Highlights: aruvikkara, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here