ഹാക്കിങ് നിഷേധിച്ച് ലിങ്ക്ഡ്ഇൻ; ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ല

70 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന വിവരങ്ങളാണെന്നും, വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കമ്പനി പറഞ്ഞു.
ലിങ്ക്ഡ്ഇന്നിൽ നിന്നും മറ്റ് വെബ്സൈറ്റുകളിൽ നിന്നും മാറ്റുമെടുത്ത വിവരങ്ങളാണ് വില്പനയ്ക്ക് വെച്ചതെന്നും, ഒരു ഉപഭോക്താവിന്റെയും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും, ഉപഭോക്താക്കൾക്ക് തങ്ങളിൽ വിശ്വാസമുണ്ടെന്നും കമ്പനി അറിയിച്ചു.
ജൂൺ 22 നായിരുന്നു ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ട് ഹാക്കർ രംഗത്തെത്തിയത്. ഇ-മെയില്‍ അഡ്രസ്, വിലാസം, ഫോണ്‍ നമ്പര്‍, ശാരീരിക വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ യു.ആര്‍.എല്‍, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ ചോർത്തിയതായാണ് ഹാക്കർ അവകാശപ്പെട്ടത്.
75.6 കോടി ഉപയോക്താക്കളാണ് ലിങ്ക്ഡ്ഇന്നിന് ലോകവ്യാപകമായുള്ളത്. ഇതില്‍ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർത്തിയതായാണ് ഹാക്കർ അറിയിച്ചത്.
ലിങ്ക്ഡ്ഇന്നിലെ അംഗങ്ങളുടെ വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുകയോ നിബന്ധനകൾ ലംഘിക്കുകയോ ചെയ്താൽ അത് അവസാനിപ്പിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here