ഗാസിയാബാദ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവിയുടെ അറസ്റ്റ് തടഞ്ഞതിനെതിരെ യു.പി. പോലീസ് സുപ്രീം കോടതിയിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികന് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി നടപടിക്കെതിരെ യു.പി. പോലീസ് സുപ്രീം കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ചോദ്യം ചെയ്യലിനായി ഓൺലൈനിൽ ഹാജരായാൽ മധോണിയെന്നും വ്യക്തമാക്കി കഴിഞ്ഞയാഴ്ചയാണ് കർണാടകം ഹൈക്കോടതി മനീഷിന് ഇടക്കാല സംരക്ഷണം നൽകിയത്. യു.പി. പോലീസിന്റെ അപ്പീലിൽ നടപടിയെടുക്കുന്നതിനുമുന്പായി തൻറെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് മനീഷും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കലാപമുണ്ടാക്കാനും രാജ്യത്ത് സ്പർധ വളർത്താനും ശ്രമിച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ബെംഗളൂരുവിൽ താമസിക്കുന്ന മനീഷിനുമേൽ യു.പി. പോലീസ് ചുമത്തിയിരിക്കുന്നത്.
അതിനിടെ, മനീഷ് മഹേശ്വരി കർണാടകം ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തർപ്രദേശ് പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് ജി. നരേന്ദ്രൻ അംഗമായ ബെഞ്ചിന്റെ നടപടി.
അതേ സമയം മനീഷ് മഹേശ്വരിക്കെതിരെ യു.പി. പോലീസ് വീണ്ടും കേസെടുത്തു എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനാണ് കേസ്. ട്വിറ്റർ പേജിൽ നൽകിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here