30
Jul 2021
Friday

താജ്മഹലിന്റെ പ്രൗഢിയിൽ മങ്ങിപ്പോയ ആഗ്രാ കോട്ട; ചരിത്ര പ്രധാനമായ സ്ഥലം

ആഗ്ര എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പ്രണയത്തിന്റെ അടയാളമായ താജ്മഹലാണ്. ആഗ്രയെന്ന പേര് തന്നെ താജ്മഹലുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നാണെന്ന മിഥ്യയായ ഒരു ധാരണ നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ താജ്മഹലിൽ നിന്നും രണ്ടര കിലോമീറ്റർ മാറി ആഗ്രയുടെ യഥാർത്ഥ ചരിത്രം തലയുയർത്തി നിൽപ്പുണ്ട്. അത് ആഗ്രാ കോട്ടയാണ്. മുഗൾ ചക്രവർത്തിമാരുടെ ആസ്ഥാനവും അവരുടെ ഭരണത്തിന്റെ നീണ്ട 200 വർഷത്തെ ചരിത്രവുമായി അഭിമാനത്തോടെ നിൽക്കുന്ന ആഗ്രാ കോട്ട.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്നത് ഉത്തർ പ്രദേശിലെ യമുന നദിയുടെ തീരത്താണ്. ആഗ്രയിലെ ചെങ്കോട്ട എന്നാണിതറിയപ്പെടുന്നത്. മുഗൾ ഭരണ കാലത്തേ രാജകീയ വസതിയും സൈനിക സ്ഥാനവും ഈ കോട്ടയായിരുന്നു. മുഗള്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം 1638 ല്‍ ആഗ്രയില്‍ നിന്നു ഡെല്‍ഹിയിലേക്ക് മാറ്റുന്നതു വരെയായിരുന്നു ഇത്.

പേർഷ്യൻ തിമൂറിഡ് ശൈലിയിലുള്ള വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്നതാണ് കോട്ടയ്ക്കുള്ളിലെ കെട്ടിട സമുച്ചയം. ഒരു നഗരത്തിനുള്ളിൽ മറ്റൊരു നഗരം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കോട്ടയുടെ നിർമാണം. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ തങ്ങളുടെ സാമ്രാജ്യം ഭരിച്ചത്.

നൂറ്റാണ്ടുകൾ നീളുന്ന ചരിത്രത്തിന്റെ അടയാളമാണ് ആഗ്രാ കോട്ട. നിരവധി രാജവംശങ്ങളുടെ പഠനത്തിനും ഉയർത്തെഴുന്നേൽപ്പിനും എല്ലാം ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഗ്ര കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത് സികർവാർ ഗോത്രത്തിൽ നിന്നുമാണ്. ഇവരുടെ കാലത്ത് ചുടുക്കട്ടയിൽ നിർമ്മിച്ചിരുന്ന ഈ കോട്ട, 1080 ൽ ഗസ്നവികൾ ഇത് പിടിച്ചെടുത്തതോടെ കോട്ടയുടെ ചരിത്രവും മാറിമറയുവാൻ തുടങ്ങി. പിന്നീട് കോട്ട സിക്കന്ദർ ലോദിയുടെ അധീനതയിൽ ആയിരുന്നു കോട്ട. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങുന്നത് വരെ സിക്കന്ദർ മേധാവി ഇബ്രാഹിം ലോദി കോട്ട ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് കോട്ടയ്ക്കകത്ത് കൊട്ടാരങ്ങളും മറ്റു നിര്‍മ്മിതികളും പൂര്‍ത്തികരിച്ചത്. പാനിപ്പത്ത് യുദ്ധത്തില്‍ മുഗള്‍ ഭരണാധികാരികള്‍ ജയിച്ചതോടെ കോട്ടയുടെ ഭരണവും അവരേറ്റെടുത്തു. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺ നേതാവായ ഷേർഷാ സൂരി അഞ്ച് വര്‍ഷമാണ് കോട്ട ഭരിച്ചത്. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗൾ വംശജരുടെ അധികാരത്തിലെത്തി.

അക്ബർ ചക്രവർത്തിയുടെ കാലത്താണ് പിന്നീട് കോട്ടയുടെ ചരിത്രം മാറിമറിയുന്നത്. 1558 ലാണ് അക്ബര്‍ ആഗ്രയെ മുഗള്‍ ഭരണത്തിന്റെ തലസ്ഥാനമാക്കി മാറ്റിയത്. അക്കാലത്ത് ബാദൽഗഢ് എന്നായിരുന്നു കോട്ട അറിയപ്പെട്ടത്. അദ്ദേഹം തന്നെയാണ് ഇവിടുത്തെ പുതിയ കോട്ടയുടെ നിര്‍മ്മാണങ്ങള്‍ക്കും തുടക്കം കുറിച്ചത്. കോട്ട മൊത്തത്തില്‍ അദ്ദേഹം പുതുക്കിപ്പണിതു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം എട്ടു വര്‍ഷക്കാലം സമയമെടുത്താണ് അക്ബര്‍ ചക്രവര്‍ത്തി കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

അക്ബറിന്റെ കൊച്ചുമകനായ ഷാജഹാനാണ് കോട്ടയുടെ ഇന്നത്തെ രൂപത്തിന് പിന്നിൽ പ്രവർത്തിച്ചത്. അക്ബറിന്റെ കാലത്ത് പണിതിരുന്ന എല്ലാ കെട്ടിടങ്ങളും ഷാജഹാൻ പുതുക്കി പണിതു. ചുവന്ന മണൽക്കല്ലിൽ പണിത കെട്ടിടങ്ങളെല്ലാം ഷാജഹാൻ വെണ്ണക്കല്ലിലേക്ക് രൂപ മാറ്റം ചെയ്തു. എന്നിരുന്നാലും ഷാജഹാന്റെ അവസാന നാളുകൾ അദ്ദേഹം ചിലവഴിച്ചത് ഈ കോട്ടയിലെ ഒരു തടവുകാരനായിട്ടാണ്. പുത്രനായ ഔറംഗസേബായിരുന്നു അദ്ദേഹത്തെ ത‌ടവിലാക്കിയത്. 1707 ല്‍ ഔറംഗസേബിന്‍റെ മരണത്തിനു ശേഷം നിരവധി കൊള്ളകള്‍ക്ക് കോട്ട ഇരയായി. ശേഷം ജാ‌ട്ടുകളും മറാഠകളും ഇത് പിടിച്ചടക്കി. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ മറാത്തകള്‍ പരാജയപ്പെട്ടതോടെ കോ‌ട്ട ബ്രി‌ട്ടീഷ് ഭരണത്തിനു കീഴിലായി. കോട്ടയ്ക്കുള്ളിലെ പല നിര്‍മ്മിതികള്‍ക്കും ബ്രിട്ടീഷുകാര്‍ മാറ്റം വരുത്തി. ഒരു സൈനിക കേന്ദ്രമായാണ് അവര്‍ ഇതിനെ കണക്കാക്കിയത്.

ഇന്നത്തെ ആഗ്ര കോട്ടയിൽ 16 – 17 നൂറ്റാണ്ടുകളിൽ മുഗൾ ചക്രവർത്തിമാർ നിർമ്മിച്ച രണ്ട് ഡസനോളം നിർമിതികളുണ്ട്. അക്ബർ നിർമ്മിച്ച ജഹാംഗിരി മഹൽ ആണ് ഇതിലെ പ്രധാന ആകർഷണം. പുരാതനമായ മുഗൾ കൊട്ടാരമാണിത്. സമുച്ചയത്തിലെ ഏറ്റവും വലിയ വസതിയും ഇത് തന്നെയാണ്. മുഗൾ സ്മാരകങ്ങളെക്കുറിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയ വാസ്തുവിദ്യാ ചരിത്രകാരൻ എബ്ബ കോച്ച് പറയുന്നത്, ജഹാംഗിരി മഹൽ സെനാനയായിരിക്കാം എന്നാണ്. അല്ലെങ്കിൽ രാജകീയ സ്ത്രീകളുടെ പ്രധാന വസതിയായും ഇതിനെ കരുതുന്നവരുണ്ട്.

ഇവിടുത്തെ മറ്റൊരു ആകർഷണം വിശിഷ്ട സന്ദർശകരെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന ദിവാൻ-ഇ-ഖാസാണ്. ഹാളിനുള്ളിൽ 1636-37 കാലഘട്ടത്തിൽ കറുത്ത കല്ലിൽ പതിച്ച ഒരു പേർഷ്യൻ ലിഖിതമുണ്ട്. ഇത് ഹാളിനെ സ്വർഗമായും ചക്രവർത്തിയെ ആകാശത്തിലെ സൂര്യനുമായി താരതമ്യപ്പെടുത്തുന്നു.

ആഗ്ര കോട്ടയിലെ പൊതു സഭയാണ് ദിവാൻ-ഇ-ആം, സാധാരണക്കാർക്കായാണ് ഇത് നിർമ്മിച്ചത്. 1631-40 കാലഘട്ടത്തിൽ ഷാജഹാനാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കയുന്നത്. ചിഹിൽ സുതുൻ ശൈലിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

ദിവാന്‍ ഇ ഖാസിനു സമീപത്താണ് മൂസമ്മൻ ബുർജ് സ്ഥിതി ചെയ്യുന്നത്. മുംതാസ് മഹലിനു വേണ്ടി ഷാജഹാന്‍ നിർമ്മിച്ചതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് ഇവിടെയാണെന്നാണ് കരുതപ്പടുന്നത്.

അതി മനോഹരമായി നിർമ്മിക്കപ്പെട്ട പള്ളികളും കോട്ടയ്ക്കുള്ളിലുണ്ട്. മോതി മസ്ജിദ്, നാഗിന മസ്ജിദ്, മിനാ മസ്ജിദ് എന്നിങ്ങനെ നിരവധി പള്ളികൾ ഇവിടെ ഷാജഹാൻ നിർമ്മിച്ചു. ഇവ മൂന്നും മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മതിലുകളും മേൽക്കൂരയും ആയിരക്കണക്കിന് ചെറിയ കണ്ണാടികളാൽ പതിച്ച ഷീശ് മഹലും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top